കോപ്പിയടി ആരോപണം; പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

പരീക്ഷയ്ക്കിടെ വിദ്യാര്‍ത്ഥിനി കോപ്പിയടിച്ചെന്ന സംശയത്തെ തുടര്‍ന്ന് നിരീക്ഷക സംഘം പത്താംക്ലാസുകാരിയുടെ വസ്ത്രമഴിച്ചു പരിശോധന നടത്തിയിരുന്നു.

റായ്പുര്‍: കോപ്പിയടി ആരോപണത്തെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. ഛത്തിസ്ഗഡിലെ ജഷ്പുര്‍ ജില്ലയിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണു സംഭവം. പത്താം ക്ലാസ് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥിനിയാണ് ജീവനൊടുക്കിയത്. പരീക്ഷയ്ക്കിടെ വിദ്യാര്‍ത്ഥിനി കോപ്പിയടിച്ചെന്ന സംശയത്തെ തുടര്‍ന്ന് നിരീക്ഷക സംഘം പത്താംക്ലാസുകാരിയുടെ വസ്ത്രമഴിച്ചു പരിശോധന നടത്തിയിരുന്നു.

എന്നാല്‍ കുട്ടിയില്‍ നിന്ന് സംശയകരമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനുശേഷം ഈ മാസം നാലിന് വിദ്യാര്‍ത്ഥിനി വീട്ടിലെ മുറിയില്‍ ജീവനൊടുക്കുകയായിരുന്നു. അതേസമയം, സംഭവത്തില്‍ അന്വേഷണം വേണമെന്നു പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. സംഭവത്തിനുശേഷം കുട്ടി മാനസികമായി തകര്‍ന്ന നിലയിലായിരുന്നെന്നും പരീക്ഷയില്‍ മെച്ചപ്പെട്ട മാര്‍ക്ക് വാങ്ങാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നാണ് ഈ പ്രശ്‌നമെന്നാണു തങ്ങള്‍ കരുതിയതെന്നും മാതാപിതാക്കള്‍ പറയുന്നു.

എന്നാല്‍ വിദ്യാര്‍ത്ഥിനിയുടെ യൂണിഫോം അഴിച്ചു പരിശോധിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ജില്ലാ ഭരണകൂടം നിഷേധിച്ചു. സ്‌കൂളില്‍ പരിശോധന നടന്നെങ്കിലും വിദ്യാര്‍ത്ഥിനിയുടെ വസ്ത്രമഴിച്ചു പരിശോധിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

Exit mobile version