ഉത്തര്‍പ്രദേശില്‍ രണ്ട് കാശ്മീരികളെ ക്രൂരമായി മര്‍ദ്ദിച്ചു, ആക്രമണ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും പങ്കുവെച്ചു; കലാപം സൃഷ്ടിച്ച് വിശ്വഹിന്ദു ദള്‍ പ്രവര്‍ത്തകര്‍

വിശ്വ ഹിന്ദു ദള്‍ പ്രസിഡന്റിന്റെ നേതൃത്വത്തിലായിരുന്നു കാശീമീരികളെ ക്രൂരമായി മര്‍ദ്ദിച്ചത്.

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ രണ്ട് കാശ്മീരകളെ സംഘം ചേര്‍ന്ന് ആക്രമിച്ച് വിശ്വഹിന്ദു ദള്‍ പ്രവര്‍ത്തകര്‍. സംസ്ഥാനത്ത് കലാപം സൃഷ്ടിച്ചതിന്റെ പേരില്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ഡ്രൈ ഫ്രൂട്ട് വില്‍പ്പനക്കാരായ ഇവര്‍ റോഡരികില്‍ ഇരിക്കവെ തീവ്ര വലതുപക്ഷ സംഘടകളില്‍പ്പെട്ട ഒരു സംഘം ആളുകള്‍ വടിയുമായെത്തി ആക്രമിക്കുകയായിരുന്നു.

വിശ്വ ഹിന്ദു ദള്‍ പ്രസിഡന്റിന്റെ നേതൃത്വത്തിലായിരുന്നു കാശീമീരികളെ ക്രൂരമായി മര്‍ദ്ദിച്ചത്. ആക്രമിച്ച ആളെ ഇതുവരെയും പിടികൂടിനായിട്ടില്ല. ആക്രമണ ശേഷം അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു. ലഖ്നൗവിലെ ഡാലിഗഞ്ചില്‍ കഴിഞ്ഞ ദിവസമായിരുന്നു ആക്രമണം നടന്നത്. കാശ്മീരില്‍ നിന്നുള്ളവരായതിനാലാണ് ആക്രമിക്കുന്നതെന്ന് അക്രമികളിലൊരാള്‍ ഉറക്കെ വിളിച്ചു പറയുന്നതും വീഡിയോയിലുണ്ട്. വര്‍ഷങ്ങളായി ലഖ്നൗവില്‍ ഡ്രൈ ഫ്രൂട്ട് വില്‍ക്കുന്നവരാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

‘ഹസ്രത്ഗഞ്ച് പോലീസ് സ്റ്റേഷനില്‍ ഒരു കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ട്.’ പോലീസ് അറിയിച്ചു. ഫെബ്രുവരി 14ന് ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കാശ്മീരികളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയിരുന്നു.

Exit mobile version