കുംഭമേളയിലെ ശുചീകരണ തൊഴിലാളികള്‍ക്ക് 21 ലക്ഷം രൂപ സംഭാവന നല്‍കി പ്രധാനമന്ത്രി; നല്‍കിയത് സ്വകാര്യ സമ്പാദ്യത്തില്‍ നിന്നും!

ഇതിന് മുന്‍പും മോഡി വ്യക്തിപരമായി സംഭാവനകള്‍ നടത്തിയിട്ടുണ്ട്.

ന്യൂഡല്‍ഹി: കുംഭമേളയിലെ ശുചീകരണ തൊഴിലാളികള്‍ക്കായി 21 ലക്ഷം രൂപ സംഭാവന നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോഡി. തന്റെ സ്വകാര്യ സമ്പാദ്യത്തില്‍ നിന്നാണ് സംഭാവന നല്‍കിയിട്ടുള്ളത്. ശുചീകരണ തൊഴിലാളികള്‍ക്കായുള്ള സഹായ നിധിയിലേക്കാണ് മോഡി സംഭാവന ചെയ്തത്.

ഇതിന് മുന്‍പും മോഡി വ്യക്തിപരമായി സംഭാവനകള്‍ നടത്തിയിട്ടുണ്ട്. ദക്ഷിണകൊറിയയുടെ സോള്‍ സമാധാനാ പുരസ്‌കാരത്തുകയായ 1.3 കോടി രൂപ ഗംഗാ ശുചീകരണ പദ്ധതിയിലേക്ക് പ്രധാനമന്ത്രി സംഭാവന നല്‍കിയിരുന്നു. 2015 ല്‍ അതുവരെ തനിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലം ചെയ്തതിലൂടെ കിട്ടിയ 8.33 കോടി രൂപയും ഗംഗാ ശുചീകരണ പദ്ധതിയിലേക്ക് പ്രധാനമന്ത്രി സംഭാവന ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് തൊഴിലാളികള്‍ക്ക് വേണ്ടി 21 ലക്ഷം മാറ്റിവെച്ചിരിക്കുന്നത്.

ഗുജറാത്ത് മുഖ്യമന്ത്രിയായി കാലാവധി പൂര്‍ത്തിയാക്കിയ വേളയില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെണ്‍മക്കള്‍ക്കായി 21 ലക്ഷം രൂപയും പ്രധാനമന്ത്രി തന്റെ സ്വകാര്യ സമ്പാദ്യത്തില്‍ നിന്നും സംഭാവന നല്‍കിയിരുന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി രൂപീകരിച്ച ഫണ്ടിലേക്കായിരുന്നു അന്ന് സംഭാവന കൈമാറിയത്.

Exit mobile version