കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ കെട്ടിടം ഒഴിയണമെന്ന് കോടതി ഉത്തരവ്

ദിനപത്രം പ്രസിദ്ധീകരിക്കാനാണ് 1962ല്‍ അസോസിയേറ്റ് ജേര്‍ണലിന് കെട്ടിടം ലീസിന് നല്‍കിയത്.

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ കെട്ടിടം ഒഴിയാനുള്ള ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. പത്രസ്ഥാപനം പ്രവര്‍ത്തിക്കുന്ന കെട്ടിടം ഒഴിയണമെന്നാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. സിംഗിള്‍ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവെയ്ക്കുകയായിരുന്നു.

ദിനപത്രം പ്രസിദ്ധീകരിക്കാനാണ് 1962ല്‍ അസോസിയേറ്റ് ജേര്‍ണലിന് കെട്ടിടം ലീസിന് നല്‍കിയത്. അസോസിയേറ്റ് ജേര്‍ണലിന്റെ ഉടമസ്ഥതയിലുള്ള നാഷണല്‍ ഹെറാള്‍ഡിന്റെ ഓഹരികള്‍ സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും അംഗങ്ങളായ യംങ് ഇന്ത്യ കമ്പനിയിലേക്ക് മാറ്റിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ പത്രം പ്രസിദ്ധീകരിക്കുന്നില്ലെന്ന് കാണിച്ച് കേന്ദ്ര നഗരവികസന മന്ത്രാലയം കെട്ടിടം ഒഴിയാന്‍ നോട്ടീസ് നല്‍കുകയായിരുന്നു. ഇത് ചോദ്യം ചെയ്തുള്ള ഹര്‍ജി നേരത്തെ ഡല്‍ഹി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. അതിനെതിരെ അസോസിയേറ്റ് ജേര്‍ണല്‍ നല്‍കിയ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ച് വിധി.

Exit mobile version