ജയിലിലടച്ച നേതാക്കളെയും പ്രവര്‍ത്തകരെയും ഞങ്ങള്‍ ആദരിച്ചു; മഹാത്മാഗാന്ധിയെ പ്രതീകാത്മകമായി വെടിയുതിര്‍ത്ത നേതാക്കളെ ഉടവാള്‍ നല്‍കി ആദരിച്ച് ഹിന്ദു മഹാസഭ

ഗാന്ധിവധം പുനരാവിഷ്‌കരിച്ചത് തെറ്റല്ലെന്നും ചിലര്‍ അതിനെ വിവാദമാക്കിയതാണെന്നും കൗശിക് പറയുന്നു.

ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയുടെ 71-ാം ചരമ വാര്‍ഷികത്തില്‍ ഗാന്ധിജിയുടെ പ്രതികാത്മക രൂപത്തിലേയ്ക്ക് വെടിയുതിര്‍ത്ത ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജാ ശകുന്‍ പാണ്ഡെയേയും പ്രവര്‍ത്തകരെയും ഉടവാള്‍ നല്‍കി ആദരിച്ച് ഹിന്ദു മഹാസഭ. 30 പേരെയാണ് സംഘടന പ്രത്യേക ചടങ്ങില്‍ ആദരിച്ചത്.

ഹിന്ദുമഹാസഭാ ദേശീയ അധ്യക്ഷന്‍ ചന്ദ്രപ്രകാശ് കൗശിക് ഭഗവത് ഗീതയുടെ പതിപ്പും ഒരു വാളും നല്‍കിയാണ് പൂജാ ശകുന്‍ പാണ്ഡെയെ ആദരിച്ചത്. ”അലിഗഢ് പോലീസ് ജയിലിലടച്ച ഞങ്ങളുടെ നേതാക്കളേയും പ്രവര്‍ത്തകരേയും ഞങ്ങള്‍ ആദരിച്ചു. ഫെബ്രുവരി 14 ന് ഞങ്ങള്‍ക്ക് ജാമ്യം നേടി തരാന്‍ സഹായിച്ച ഞങ്ങളുടെ അഭിഭാഷകനേയും ആദരിച്ചു. ഏത് പ്രതിസന്ധിയിലും ഞങ്ങള്‍ക്കൊപ്പം ഉറച്ചുനിന്നവരേയും ഈ വേദിയില്‍ വെച്ച് ആദരിച്ചു”- അശോക് പാണ്ഡെ പറഞ്ഞു.

അതേസമയം ഗാന്ധിവധം പുനരാവിഷ്‌കരിച്ചത് തെറ്റല്ലെന്നും ചിലര്‍ അതിനെ വിവാദമാക്കിയതാണെന്നും കൗശിക് പറയുന്നു. നേതാക്കളെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയേയും അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്. നാഥൂറാം ഗോഡ്സെയെ കുറിച്ചുള്ള പുസ്തകം വിദ്യാര്‍ത്ഥികളുടെ പാഠഭാഗമായി ഉള്‍പ്പെടുത്തണമെന്നും യഥാര്‍ത്ഥ സത്യം കുട്ടികള്‍ മനസിലാക്കണമെന്നുമായിരുന്നു പ്രസംഗത്തിനിടെ പൂജാ ശകുന്‍ പറഞ്ഞത്.

പരിപാടിയില്‍ അലിഗഡ് പോലീസ് എത്തുകയും പരിപാടി ക്യാമറയില്‍ ഷൂട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഗാന്ധി പ്രതിമയിലേക്ക് വെടിയുതിര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട് ഫെബ്രുവരി ആറാം തിയതി പൂജാ ശകുനേയും ഭര്‍ത്താവിനേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ മൂന്ന് ഹിന്ദു മഹാസഭാ നേതാക്കള്‍ നേരത്തേ അറസ്റ്റിലായിരുന്നു. ഇക്കഴിഞ്ഞ ജനുവരി 30ന് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ശൗര്യ ദിവസ് എന്ന പേരില്‍ ഹിന്ദു മഹാസഭ ആചരിക്കുകയായിരുന്നു.

Exit mobile version