മോഡി സര്‍ക്കാരിനെതിരെ നടന്നു നീങ്ങി; ലോങ് മാര്‍ച്ചില്‍ പങ്കെടുക്കാനായി പുറപ്പെട്ട 200ലേറെ കര്‍ഷകരെ കസ്റ്റഡിയില്‍ എടുത്തു; പ്രതിഷേധം അടിച്ചമര്‍ത്താനുള്ള നീക്കമെന്ന് കിസാന്‍ സഭ, പ്രതിഷേധം

നാസിക് മുതല്‍ മുംബൈ വരെയുള്ള കിസാന്‍ സഭയുടെ രണ്ടാം ലോങ് മാര്‍ച്ച് ഫെബ്രുവരി 20നാണ് ആരംഭിക്കുന്നത്.

പൂനെ: മോഡി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് അഖിലേന്ത്യ കിസാന്‍ സഭ സംഘടിപ്പിച്ച ലോങ് മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ 200ഓളം കര്‍ഷകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. തങ്ങളുടെ പ്രതിഷേധം അടിച്ചമര്‍ത്താനുള്ള ശ്രമമെന്ന് കിസാന്‍ സഭ ആരോപിച്ചു. ധുലെയില്‍ നിന്നും നാസിക്കിലേക്ക് പോകുകയായിരുന്ന കര്‍ഷകരെയാണ് ധുലെ ജില്ലാ പോലീസ് കസ്റ്റഡിയിലെടുത്തത്.

ഫെബ്രുവരി 15ന് കര്‍ഷകരുടെ യോഗം സംഘടിപ്പിച്ചതിന്റെ പേരില്‍ കിസാന്‍ സഭാ നേതാക്കളായ മഹാരാഷ്ട്ര ജനറല്‍ സെക്രട്ടറി അജിത് നാവല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തിരുന്നു. പോലീസിന്റെയും കലക്ടറുടെയും അനുമതി പ്രകാരമാണ് അഹമ്മദ്നഗറില്‍ കര്‍ഷകരുടെ യോഗം സംഘടിപ്പിച്ചത്. നാലില്‍ കൂടുതല്‍ പേര്‍ ഒത്തുകൂടുന്നത് നിരോധിച്ചുകൊണ്ടുള്ള കലക്ടറുടെ ഉത്തരവ് ലംഘിച്ചതിന്റെ പേരിലാണ് 200ലേറെ കര്‍ഷകരെ കസ്റ്റഡിയിലെടുത്തതെന്നാണ് ധുലെയിലെ സാക്രി പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ ദേവിദാസ് ധുമാനെ പറയുന്നത്.

നാസിക് മുതല്‍ മുംബൈ വരെയുള്ള കിസാന്‍ സഭയുടെ രണ്ടാം ലോങ് മാര്‍ച്ച് ഫെബ്രുവരി 20നാണ് ആരംഭിക്കുന്നത്. എട്ടു ദിവസം കൊണ്ട് 165 കിലോമീറ്റര്‍ കാല്‍നടയായി പിന്നിട്ടാണ് മാര്‍ച്ച് അവസാനിക്കുക. ഒരു ലക്ഷം കര്‍ഷകര്‍ മാര്‍ച്ചില്‍ അണിനിരക്കുമെന്ന് കിസാന്‍ സഭ അവകാശപ്പെടുന്നു. കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച ലോങ് മാര്‍ച്ചില്‍ വാഗ്ദാനം ചെയ്ത ഉറപ്പുകള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് കര്‍ഷകര്‍ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തുന്നത്. കാര്‍ഷിക കടം എഴുതിത്തള്ളല്‍, കാര്‍ഷിക ഉത്പ്പന്നങ്ങള്‍ക്ക് തറവില, കാര്‍ഷിക പെന്‍ഷനും കൃഷിക്കാവശ്യമായ വെള്ളവും ലഭ്യമാക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തുന്നത്.

Exit mobile version