പുല്‍വാമ ഭീകരാക്രമണം; വീരമൃത്യു വരിച്ച ജവാന്റെ മൃതദേഹത്തിനരികില്‍ വെച്ച് മധ്യവയസ്‌കന്റെ കഴുത്തിന് കുത്തി പിടിച്ച് ബിജെഡി എംഎല്‍എ! വൈറലായി വീഡിയോ, വ്യാപക പ്രതിഷേധം

ബെഹ്‌റയുടെ ബന്ധുവിനോടാണ് ദേബശിഷ് ക്രൂരമായി പെരുമാറിയത്.

ഭുവനേശ്വര്‍: പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്റെ മൃതദേഹത്തിനരികില്‍ വെച്ച് ബന്ധുവായ മദ്യവയസ്‌കനെ കഴുത്തിന് കുത്തിപിടിച്ച് മര്‍ദ്ദിച്ച് ബിജു ജനതാദള്‍ എംഎല്‍എ ദേബശിഷ് സമന്തരെ. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നുണ്ട്. ഇതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

ഒഡീഷ സ്വദേശിയായ മനോജ് ബെഹ്‌റ(33)യുടെ സംസ്‌കാര ചടങ്ങുകള്‍ക്കിടെയായിരുന്നു എംഎല്‍എയുടെ കൈയ്യേറ്റമെന്നാണ് റിപ്പോര്‍ട്ട്. ബെഹ്‌റയുടെ ബന്ധുവിനോടാണ് ദേബശിഷ് ക്രൂരമായി പെരുമാറിയത്. ബന്ധുവിനെ എംഎല്‍എ ശക്തമായി പിടിച്ചു വലിക്കുന്നതും കഴുത്തിന് പിടിച്ച് നിലത്ത് ഇരുത്തുന്നതും ദൃശ്യങ്ങളില്‍ കാണാം.

സംഭവം നടക്കുമ്പോള്‍ ഒഡീഷ ആരോഗ്യ മന്ത്രി പ്രതാപ് ജെനയും എംഎല്‍എ പ്രമോദ് മാല്ലിക്കും സമീപത്തുണ്ടായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ എംഎല്‍എയുടെ കോലം കത്തിച്ചു. അതേസമയം, സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ ദേബശിഷ് സമന്തരെ ഇതുവരെ തയ്യാറായിട്ടില്ല.

Exit mobile version