പുല്‍വാമ ഭീകരാക്രമണത്തിന്റെ പേരില്‍ സംഘപരിവാര്‍ ഭീഷണി; ഉത്തരാഖണ്ഡില്‍ കാശ്മീരി ഡീനിനെ സസ്‌പെന്‍ഡ് ചെയ്തു

കാശ്മീരിയായ ആബിദിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ബജ്റംഗദള്‍, വിഎച്ച്പി, എബിവിപി പ്രവര്‍ത്തകര്‍ സംഘര്‍ഷമുണ്ടാക്കി കോളേജ് അധികൃതരെ ഭീഷണിപ്പെടുത്തുകയായിരുന്നു.

ഡെറാഡൂണ്‍: പുല്‍വാമ ഭീകരാക്രമണത്തിന്റെ പേരിലുള്ള സംഘപരിവാറിന്റെ ഭീഷണിയെ തുടര്‍ന്ന് ഡെറാഡൂണില്‍ കോളേജ് ഡീനിനെ സസ്പെന്‍ഡ് ചെയ്തു. കാശ്മീരിയെ അനുവദിക്കില്ലെന്നാണ് സംഘപരിവാറിന്റെ പക്ഷം. ഈ സാഹചര്യത്തിലാണ് ആബിദ് മജീദ് കുച്ചായ് എന്ന 27 കാരനെ ഡെറാഡൂണിലെ ആല്‍പൈന്‍ കോളേജ് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ടെക്നോളജി സസ്പെന്‍ഡ് ചെയ്തത്.

കാശ്മീരിയായ ആബിദിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ബജ്റംഗദള്‍, വിഎച്ച്പി, എബിവിപി പ്രവര്‍ത്തകര്‍ സംഘര്‍ഷമുണ്ടാക്കി കോളേജ് അധികൃതരെ ഭീഷണിപ്പെടുത്തുകയായിരുന്നു. അക്രമാസക്തരായിരുന്നു ജനക്കൂട്ടമെന്നും അതുകൊണ്ട് അവരുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങേണ്ടി വന്നുവെന്നും കോളേജ് ചെയര്‍മാന്‍ അനില്‍ സൈനി പറഞ്ഞു. നിയമപ്രകാരമുള്ള റഫറന്‍സ് നമ്പറില്ലാതെ കാരണം പോലും വിശദമാക്കാതെയാണ് സസ്പെന്‍ഷന്‍ ഉത്തരവ് നല്‍കിയതെന്ന് അനില്‍ സൈനി പറഞ്ഞു.

വിദ്യാര്‍ത്ഥികളെ സുരക്ഷിതരാക്കാനാണ് അധ്യാപകനെ പുറത്താക്കിയതെന്നും സൈനി കൂട്ടിച്ചേര്‍ത്തു. അധ്യാപകനെ തിരിച്ചെടുക്കുന്ന കാര്യത്തിലും ഒരു ഉറപ്പും നല്‍കാനാകില്ലെന്ന് അനില്‍ സൈനി പറഞ്ഞു. അധ്യാപകനെ പുറത്താക്കിയതിന് പുറമെ അടുത്ത വര്‍ഷം കാശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കില്ലെന്നും ആല്‍പൈന്‍, ബാബാ ഫരീദ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങള്‍ പറഞ്ഞു. മുഴുവന്‍ കാശ്മീരി വിദ്യാര്‍ത്ഥികളെയും പുറത്താക്കണമെന്നാണ് ഹിന്ദുത്വ സംഘടനകള്‍ ഈ കോളേജുകളോട് ആവശ്യപ്പെട്ടത്. പകുതിവെച്ച് വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ സാധിക്കില്ലെന്നറിഞ്ഞതോടെ അടുത്ത വര്‍ഷം അഡ്മിഷന്‍ നല്‍കില്ലെന്ന് എഴുതി വാങ്ങുകയായിരുന്നു.

Exit mobile version