ഭീകരാക്രമണം മറയാക്കി വിദ്വേഷം ആളിക്കത്തിക്കാന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നു; മുസ്ലീങ്ങളും കാശ്മീരികളും ആക്രമിക്കപ്പെട്ടേക്കാം; മുന്നറിയിപ്പ് നല്‍കി ന്യൂനപക്ഷ കമ്മീഷന്‍

സാധാരണക്കാരായ മുസ്ലീങ്ങള്‍ വരെ ആക്രമിക്കപ്പെടുന്നു.

ന്യൂഡല്‍ഹി: ഭീകരാക്രമണം മറയാക്കി വിദ്വേഷം ആളിക്കത്തിക്കാന്‍ വലതുപക്ഷ സംഘടനകള്‍ ശ്രമിക്കുന്നതായി ന്യൂനപക്ഷ കമ്മീഷന്റെ മുന്നറിയിപ്പ്. ഡല്‍ഹി കമ്മീഷന്‍ ഫോര്‍ മൈനോറിറ്റീസ് ഇക്കാര്യം ഡല്‍ഹി പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.’പുല്‍വാമ തീവ്രവാദ ആക്രമണത്തിനു പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കശ്മീരികള്‍ക്കെതിരെ ആക്രമണമുണ്ടാകുന്നുണ്ട്.

സാധാരണക്കാരായ മുസ്ലീങ്ങള്‍ വരെ ആക്രമിക്കപ്പെടുന്നു.’ എന്നാണ് ഡല്‍ഹി പോലീസ് കമ്മീഷണര്‍ അമുല്യ പട്നായിക്കിന് അയച്ച കത്തില്‍ ന്യൂനപക്ഷ കമ്മീഷന്‍ പാനല്‍ ചെയര്‍പേഴ്സണ്‍ സഫാറുല്‍ ഇസ്ലം ഖാന്‍ ചൂണ്ടിക്കാട്ടുന്നു. ഡല്‍ഹിയില്‍ വരെ കലാപം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പ്രതിഷേധങ്ങളെ കലാപത്തിലേക്കു വഴിതിരിച്ചുവിടാനുള്ള ആസൂത്രിതമായ ശ്രമമുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

‘മുസ്ലീം ഭൂരിപക്ഷ മേഖലകളിലും ഇരുകൂട്ടരുമുള്ള മേഖലകളില്‍ മുസ്ലീം വീടുകള്‍ക്കു മുമ്പിലും ഹിന്ദുത്വ ആള്‍ക്കൂട്ടങ്ങള്‍ റാലികള്‍ നടത്തി.’ അദ്ദേഹം വിശദീകരിക്കുന്നു. ‘ഡല്‍ഹി പോലീസ് അതീവ ജാഗ്രത പാലിച്ചില്ലെങ്കില്‍ ജമ്മു നഗരത്തിലുണ്ടായതു പോലുള്ള കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടും.’ എന്നു മുന്നറിയിപ്പു നല്‍കുന്ന അദ്ദേഹം എല്ലാ ഡല്‍ഹി പോലീസ് സ്റ്റേഷനുകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

Exit mobile version