‘വസന്തകുമാറിന്റെ പെട്ടി തുറക്കില്ല, ഭൗതികദേഹം കാണാന്‍ ആരും വാശിപിടിക്കരുത്’ വസന്തകുമാറിന്റെ മൃതദേഹവുമായെത്തിയ ഉദ്യോഗസ്ഥന്റെ വാക്കുകള്‍

ഉച്ചയ്ക്ക് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ലക്കിടിയിലും തുടര്‍ന്ന് ചടങ്ങുകള്‍ക്കായി വീട്ടിലുമെത്തിച്ചപ്പോള്‍ നേരം ഏറെ വൈകിയിരുന്നു.

ലക്കിടി: പുല്‍വാമയില്‍ ഭീകരന്‍ നടത്തിയ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി സൈനികന്‍ വിവി വസന്ത കുമാറിന്റെ മൃതദേഹം ഇന്നലെ വൈകീട്ടായിരുന്നു സ്വദേശമായ വയനാട്ടിലെ വീട്ടിലെത്തിച്ചത്. ഉച്ചയ്ക്ക് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ലക്കിടിയിലും തുടര്‍ന്ന് ചടങ്ങുകള്‍ക്കായി വീട്ടിലുമെത്തിച്ചപ്പോള്‍ നേരം ഏറെ വൈകിയിരുന്നു.

കുടുംബാഗങ്ങള്‍ക്കിടയിലേക്ക് വിഷമകരമായ ദൗത്യവുമായാണു കണ്ണൂരില്‍ നിന്ന് സിആര്‍പിഎഫ് അസിസ്റ്റന്റ് കമന്‍ഡാന്റ് അലക്സ് ജോര്‍ജും സംഘവും എത്തിയിരുന്നത്. അവസാനമായി വസന്തകുമാറിനെ കാണാന്‍ കഴിയില്ലെന്ന കാര്യം കുടുംബത്തെ അറിയിക്കേണ്ടത് അലക്സ് ജോര്‍ജിന്റെ ഉത്തരവാദിത്വമായിരുന്നു. വസന്തകുമാറിന്റെ സഹോദരന്‍ സജീവിനെയായിരുന്നു ഉദ്യോഗസ്ഥന്‍ ഇക്കാര്യം അറിയിച്ചത്.

വീട്ടുകാരെ കണ്ടശേഷം വസന്തകുമാറിന്റെ അര്‍ധ സഹോദരന്‍ സജീവിനെ അടുത്തേക്ക് വിളിച്ച അലക്സ് ജോര്‍ജ് ,പെട്ടി തുറക്കില്ലെന്നും, ഭൗതികദേഹം കാണാന്‍ ആരും വാശിപിടിക്കരുതെന്നും ഇത് ഉറ്റവരെ അറിയിക്കണമെന്നും പറഞ്ഞു.

മറുപടി പറയാന്‍ കഴിയാതെ തലതാഴ്ത്തി തിരിഞ്ഞുനടക്കുക മാത്രമായിരുന്നു സജീവന്‍ ചെയ്തത്. വീടിനുള്ളിലേക്ക് പോയ സജീവന്‍ ബന്ധുക്കളെ ഇത് അറിയിക്കുകയും ചെയ്തു. തുടര്‍ന്നു വസന്തകുമാര്‍ ഉപയോഗിച്ച വസ്ത്രങ്ങളും മറ്റു സാധനങ്ങളും കുടുംബാംഗങ്ങളെ ഏല്‍പ്പിക്കുകയായിരുന്നു.

Exit mobile version