ലക്നൗ: അലഹബാദ് യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികളുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവിനെ തടഞ്ഞതിനെ വിമര്‍ശിച്ച് ബിഎസ്പി നേതാവ് മായാവതി. എസ്പി-ബിഎസ്പി സഖ്യത്തെ ബിജെപി ഭയക്കുന്നു എന്നതിന് തെളിവാണ് അഖിലേഷിനെ തടഞ്ഞതില്‍ നിന്ന് മനസ്സിലാകുന്നത്. അതിനാലാണ് രാഷ്ട്രീയ പരിപാടികള്‍ക്ക് അവര്‍ അനുമതി നിഷേധിക്കുന്നതെന്നും മായാവതി പറഞ്ഞു.
അലഹബാദ് യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികളുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവിനെ ലക്‌നൗ വിമാനത്താവളത്തില്‍ വച്ച് തടഞ്ഞിരുന്നു. ചൗധരി ചരണ്‍ സിങ് വിമാനത്താവളത്തിലാണ് സംഭവം.
യോഗി സര്‍ക്കാരുടെ ഇടപെടല്‍ മൂലമാണ് തന്നെ വിമാനത്താവളത്തില്‍ തടഞ്ഞതെന്ന് അഖിലേഷ് ആരോപിച്ചിരുന്നു. എന്നാല്‍ അഖിലേഷിന്റെ യാത്ര സംബന്ധമായ വിവരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചിരിന്നില്ലെന്നാണ് എയര്‍പോര്‍ട്ട് ഡയറക്ടര്‍ എകെ ശര്‍മ്മ പ്രതികരിച്ചത്.
അലഹബാദ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി നേതാവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ താന്‍ പങ്കെടുക്കുന്നതിനെ യോഗി സര്‍ക്കാര്‍ ഭയപ്പെട്ടുവെന്ന് അഖിലേഷ് പറഞ്ഞു. അതുകൊണ്ടാണ് തന്നെ തടഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവം നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ അണികള്‍ ചോദ്യം ചെയ്തു. പോലീസ് ഉദ്യോഗസ്ഥരുമായി തര്‍ക്കിക്കുന്ന ചിത്രം അഖിലേഷിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവെയ്ക്കുകയും ചെയ്തു.
