രാജ്യത്തെ സമ്പന്നരില്‍ ഏറ്റവും ദാനശീലരായ ഏക മലയാളി എംഎ യൂസഫലി; പട്ടികയില്‍ നേടിയത് അഞ്ചാം സ്ഥാനം! മുന്നില്‍ അംബാനി

കേരളത്തിലെ പ്രളയദുരിതാശ്വാസത്തിനടക്കം യൂസഫലി നല്‍കിയിരിക്കുന്ന സംഭാവന 70 കോടി രൂപയാണ്.

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും സമ്പന്നരായ ഇന്ത്യാക്കാരില്‍ ഏറ്റവുമധികം സംഭവാന ചെയ്യുന്നത് മുകേഷ് അംബാനിയെന്ന് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്. പട്ടികയില്‍ അഞ്ചാം സ്ഥാനം നേടിയിരിക്കുകയാണ് മലയാളി കൂടിയായ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. ഹുറൂണ്‍ റിപ്പോര്‍ട്ട്‌സ് ആണ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. 39 പേരാണ് മൊത്തം പട്ടികയിലുള്ളത്. 2017 ഒക്ടോബര്‍ ഒന്നിനും 2018 സെപ്തംബര്‍ 30നും ഇടയില്‍ നല്‍കിയ സംഭാവനകളുടെ അടിസ്ഥാനത്തിലാണ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കേരളത്തിലെ പ്രളയദുരിതാശ്വാസത്തിനടക്കം യൂസഫലി നല്‍കിയിരിക്കുന്ന സംഭാവന 70 കോടി രൂപയാണ്. കേരള മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് 50 കോടിയിലധികമാണ് ഇദ്ദേഹം സംഭാവന ചെയ്തത്. ഇന്ത്യയിലുണ്ടായ മറ്റ് പ്രകൃതിദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് റാങ്കിങ്. ടിക്കറ്റെടുക്കാന്‍ കഴിയാതെ നാട്ടിലേക്ക് പോകാന്‍ വിഷമിക്കുന്ന നിരവധി പ്രവാസികള്‍ക്കും ഇദ്ദേഹം ഒരു തണലാണെന്ന് ഹുറൂണ്‍ റിസര്‍ച്ചിന്റെ ചീഫ് റിസര്‍ച്ചറും മാനേജിംഗ് ഡയറക്ടറുമായ അനസ് റഹ്മാന്‍ ജുനൈദ് അഭിപ്രായപ്പെട്ടു.

437 കോടി രൂപയാണ് മുകേഷ് അംബാനി നല്‍കിയിട്ടുള്ളത്. ഇതാണ് ഒന്നാം സ്ഥാനം നേടികൊടുത്തത്. 200 കോടി രൂപ സംഭാവന നല്‍കിയ പിരമല്‍ ഗ്രൂപ്പിലെ അജയ് പിരമലാണ് രണ്ടാം സ്ഥാനത്ത്. 113 കോടി രൂപ നല്‍കിയ വിപ്രോ ഗ്രൂപ്പിന്റെ അസിം പ്രേംജി മൂന്നാം സ്ഥാനത്തും 96 കോടി രൂപ ചെലവഴിച്ച ഗോദ്രേജ് ഗ്രൂപ്പിന്റെ ആദി ഗോദ്രേജ് നാലാം സ്ഥാനത്തുമുണ്ട്. 30 കോടി രൂപ നല്‍കിയ ഗൗതം അദാനിയാണ് 10ാം സ്ഥാനത്ത്.

Exit mobile version