തേജസ്വി യാദവിന് തിരിച്ചടി: ബംഗ്ലാവില്‍ നിന്ന് ഒഴിയണം

തേജസ്വി യാദവിന് സുപ്രീംകോടതി 50,000 രൂപ പിഴയും വിധിച്ചു

ന്യൂഡല്‍ഹി: ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. തേജസ്വി താമസിച്ചിരുന്ന ബംഗ്ലാവ് ഒഴിയണമെന്ന സര്‍ക്കാര്‍ ആവശ്യത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.

തേജസ്വി യാദവിന് സുപ്രീംകോടതി 50,000 രൂപ പിഴയും വിധിച്ചു. കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയതിനാണ് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് പിഴ ചുമത്തിയത്. എന്തിനാണ് ഈ ഹര്‍ജിയെന്നും കോടതി ചോദിച്ചിരുന്നു.

ആര്‍ജെഡി-ജെഡിയു മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായിരുന്ന കാലത്താണ് തേജസ്വി യാദവിന് സര്‍ക്കാര്‍ ബംഗ്ലാവ് അനുവദിച്ചിരുന്നത്. പിന്നീട് ജെഡിയു നേതാവ് നിതീഷ് കുമാര്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് മന്ത്രിസഭ രൂപീകരിച്ചതോടെ തേജസ്വി യാദവിന് ഉപമുഖ്യമന്ത്രി സ്ഥാനം നഷ്ടമായിരുന്നു.

ഇതോടെ ബംഗ്ലാവ് ഒഴിയണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതിനു പിന്നാലെ തേജസ്വി പാറ്റ്‌ന ഹൈക്കോടതിയെ സമീപിച്ചെങ്കിലും തേജസ്വിയുടെ ആവശ്യം കോടതി തള്ളിയിരുന്നു. പിന്നീട് തേജസ്വി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

Exit mobile version