മൂന്ന് സ്ത്രീകളും മൂന്ന് പുരുഷന്‍മാരും ഒരേ ട്രാക്കില്‍ ഓടാന്‍ തയ്യാറായി നില്‍ക്കുന്നു, ആര് ജയിക്കും; ഈ ചിത്രം കണ്ടാല്‍ മനസിലാകും; ‘സ്ത്രീകള്‍ക്ക് എന്റെ ആദരം’ ആനന്ദ് മഹീന്ദ്രയുടെ കുറിപ്പ് വൈറലാകുന്നു

മുംബൈ: വീട്ടു ജോലി കഴിഞ്ഞ് തൊഴിലിടങ്ങളില്‍ എത്തുന്നു തിരിച്ച് വീട്ടിലെത്തി പണികളില്‍ മുഴുകുന്നു. ഒരേ സമയം ഇവ രണ്ടും വിജയകരമായി മുന്നോട്ട് കൊണ്ടു പോകുന്ന സ്ത്രീകളാണ് മിക്കവരും. ഇന്ത്യയില്‍ മാത്രമല്ല ലോകത്ത് മുഴുവനും ഇതു തന്നെ ആയിരിക്കും അവസ്ഥ.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യങ്ങളില്‍ ഒരു ചിത്രം വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. തൊഴില്‍ ഇടങ്ങളിലെ ലിംഗസമത്വത്തെ ആസ്പദമാക്കിയുള്ള ആനന്ദ് മഹീന്ദ്രയുടെ പോസ്റ്റാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

ചിത്രത്തിന്റെ പശ്ചാത്തലം…

മൂന്ന് സ്ത്രീകളും മൂന്ന് പുരുഷന്‍മാരും ഒരേ ട്രാക്കില്‍ ഓടാന്‍ തയ്യാറായി നില്‍ക്കുന്നു. ഭംഗിയായി, എക്‌സിക്യൂട്ടീവ് ലുക്കില്‍ വസ്ത്രധാരണം ചെയ്തിട്ടുണ്ട് ഇവരെല്ലാം. എന്നാല്‍ ഈ ട്രാക്കിനൊരു പ്രത്യേകതയുണ്ട്. പുരുഷന്‍മാര്‍ക്ക് മുന്നോട്ട് ഓടിയെത്താനുള്ള ഒരു പ്രതിസന്ധിയും ഈ ട്രാക്കിലില്ല. എന്നാല്‍ സ്ത്രീകളുടെ ട്രാക്ക് അങ്ങനെയല്ല. ഒരു വീട്ടില്‍ ദൈനംദിനം എന്തൊക്കെ വീട്ടുപകരണങ്ങളുണ്ടോ അതെല്ലാം സ്ത്രീകളുടെ ട്രാക്കിലുണ്ട്. ഫ്രിഡ്ജും വാഷിംഗ് മെഷീനും അയണ്‍ ബോക്‌സും അലക്കിയ തുണികളും മറികടന്നു വേണം ഇവര്‍ക്ക് ഓടാന്‍. ഓഫീസ് ജോലി മാത്രമല്ല, വീട്ടുജോലിയുടെയും കടമ്പകള്‍ ഓടിക്കടന്നാണ് ഈ സ്ത്രീകളൊക്കെ ഓരോ ദിവസവും ഓടിത്തീര്‍ക്കുന്നതെന്ന് പ്രതീകാത്മകമായി പറയുന്നുണ്ട് ഈ ചിത്രം.

തന്റെ പേരക്കുട്ടിയെ നോക്കാന്‍ ഒരു ആയയെ ഏര്‍പ്പെടുത്തിയെന്ന് കുറിച്ചാണ് ആനന്ദ് മഹീന്ദ്ര ഈ ഫോട്ടോ ട്വീറ്റ് ചെയ്തിരിക്കുന്നത്.

”കഴിഞ്ഞ ഒരാഴ്ചയായി ഞാന്‍ എന്റെ പേരക്കുട്ടിയെ നോക്കാന്‍ സഹായിക്കുന്നുണ്ട്. ഈ ചിത്രത്തിന്റെ യാഥാര്‍ത്ഥ്യം എന്താണെന്ന് ഇപ്പോള്‍ എനിക്ക് മനസ്സിലാകുന്നു. ഉദ്യോഗസ്ഥകളായ എല്ലാ വീട്ടമ്മമാര്‍ക്കും എന്റെ ആദരം. ഒരേ ജോലി ചെയ്യുന്ന തങ്ങളുടെ പങ്കാളികളേക്കാള്‍ ഇരട്ടി കഠിനാധ്വാനം ചെയ്താണ് ഓരോ സ്ത്രീയും വിജയത്തിലെത്തുന്നത് എന്ന് ഞാന്‍ തിരിച്ചറിയുന്നു.”

സ്ത്രീകളുടെ സംഭാവനകളും കഠിനാധ്വാനവും തിരിച്ചറിഞ്ഞതില്‍ മഹീന്ദ്രയെ പ്രശംസിച്ച് നിരവധി പേരാണ് മറുപടി ട്വീറ്റ് ചെയ്തിരിക്കുന്നത്. ‘ഒരു സ്ത്രീയുടെ ഒരു ദിവസത്തെ ജീവിതത്തെക്കുറിച്ച് ഒരാളെങ്കിലും മനസ്സിലാക്കിയാല്‍ അത്രയും നല്ലത്’ എന്നാണ് ഒരാള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

Exit mobile version