റാലിക്കിടെ നേതാക്കള്‍ തമ്മില്‍ തല്ല്; പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകനെ ക്രൂരമായി തല്ലി ചതച്ചു! നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു

അക്രമണത്തില്‍ സുമന് തലയ്ക്ക് സാരമായി പരിക്കേറ്റിടുണ്ട്.

റായ്പൂര്‍: ഛത്തീസ്ഗഡില്‍ മാധ്യമപ്രവര്‍ത്തകനെ തല്ലി ചതച്ച് ബിജെപി നേതാക്കള്‍. റായ്പൂരില്‍ നടക്കുന്ന ബിജെപിയുടെ ജില്ലാതല യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകന്‍ സുമന്‍ പാണ്ഡെയെയാണ് ഒരു സംഘം ബിജെപി പ്രവര്‍ത്തകര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത്. അക്രമണത്തില്‍ സുമന് തലയ്ക്ക് സാരമായി പരിക്കേറ്റിടുണ്ട്. സുമന്റെ പരാതിയില്‍മേല്‍ നാല് ബിജെപി നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. കേസില്‍ ഇതുവരെ ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

റായ്പൂരിലെ ബിജെപിയുടെ ഏകാത്മ പരിസര്‍ ഓഫീസില്‍ നടക്കുന്ന യോഗം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ നേതാക്കള്‍ തമ്മില്‍ അടിപിടി ഉണ്ടാകുകയും അത് താന്‍ ചിത്രീകരിക്കുകയും ചെയ്തു. പിന്നീട് അടിപിടികൂടുന്നതിന്റെ ദൃശ്യങ്ങള്‍ മായ്ച്ചുകളയാന്‍ നേതാക്കന്‍മാര്‍ തന്നോട് ആവശ്യപ്പെട്ടു. എന്നാല്‍ ദൃശ്യങ്ങള്‍ മായ്ച്ചുകളയാന്‍ വിസമതിച്ചതിനെ തുടര്‍ന്ന് നേതാക്കന്‍മാര്‍ ചേര്‍ന്ന് തന്നെ മര്‍ദ്ദിക്കുകയും ബലം പ്രയോഗിച്ച് ദൃശ്യങ്ങള്‍ മായ്ച്ചുകളയുകയും ചെയ്തു.

സംഭവത്തിനുശേഷം 20 മിനിറ്റോളം ഓഫീസിനുള്ളില്‍ തടഞ്ഞുവച്ചിരുന്നു. പിന്നീട് ഓഫീസില്‍നിന്ന് പുറത്തുവന്നതിനുശേഷമാണ് സംഭവത്തെക്കുറിച്ച് മറ്റ് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചതെന്നും സുമന്‍ കൂട്ടിച്ചേര്‍ത്തു. ഇതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ബിജെപി ഓഫീസിന് മുന്നില്‍ മാധ്യമപ്രവര്‍ത്തകര്‍ തടിച്ചുകൂടുകയും മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ചവരെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു.

Exit mobile version