ദുരഭിമാനകൊല; പ്രണയിയുടെ ഭാര്യ അമൃത വര്‍ഷിണി ആണ്‍കുഞ്ഞിന് ജന്മം നല്‍കി

പ്രണയ്-അമൃതവര്‍ഷിണി ദമ്പതികളുടെ ഒന്നാം വിവാഹ വാര്‍ഷികത്തിലാണ് അമൃതവര്‍ഷിണി ആണ്‍ക്കുഞ്ഞിന് ജന്മം നല്‍കിയത്.

ഹൈദരാബാദ്: ഉയര്‍ന്ന ജാതിയില്‍ പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന്റെ പേരില്‍ കൊല്ലപ്പെട്ട പെരുമല്ല പ്രണയ് കുമാറിന്റെ ഭാര്യ അമൃതവര്‍ഷിണി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. പ്രണയ്-അമൃതവര്‍ഷിണി ദമ്പതികളുടെ ഒന്നാം വിവാഹ വാര്‍ഷികത്തിലാണ് അമൃതവര്‍ഷിണി ആണ്‍ക്കുഞ്ഞിന് ജന്മം നല്‍കിയത്. സുഖപ്രസവമാണെന്നും അമ്മയും കുഞ്ഞ് സുഖമായി ഇരിക്കുന്നതായും പ്രണയിന്റെ പിതാവ് ബാലസ്വാമി പറഞ്ഞു.

അമൃതയുടെ വീട്ടുകാരുടെ ആക്രമണം ഭയന്ന് അമൃത എവിടെയാണുളളതെന്ന് ബാലസ്വാമി വെളിപ്പെടുത്തിയില്ല. അമ്മയുടേയും കുഞ്ഞിന്റേയും സുരക്ഷയുടെ കാര്യത്തില്‍ പേടിയുണ്ട്. അവര്‍ക്ക് പോലീസ് സംരക്ഷണ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എസ്പിക്ക് കത്ത് എഴുതുമെന്നും അദ്ദേഹം പറഞ്ഞു.

ഈ ദിവസം വളരെ ദുഖം നിറഞ്ഞതാണ്. എന്റെ മകന്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ അവന്റെ കുഞ്ഞിനെ കാണാമായിരുന്നു. കുഞ്ഞിനെ കാണുമ്പോള്‍ അവന്‍ വളരെയധികം സന്തോഷിക്കുമായിരുന്നു. അവര്‍ ഒരുമിച്ച് വളരെ സമാധാനമായി ജീവിക്കുമായിരുന്നുവെന്നും ബാലസ്വാമി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 14നാണ് ദുരഭിമാന കൊലയുടെ പേരില്‍ പ്രണയ് കൊല്ലപ്പെട്ടത്. അമൃതവര്‍ഷിണിയുടെ മുന്നില്‍വച്ചാണ് പ്രണയ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഗര്‍ഭിണിയായ അമൃതവര്‍ഷിണിക്കും അമ്മയ്ക്കുമൊപ്പം ആശുപത്രിയില്‍ പോയി മടങ്ങും വഴിയായിരുന്നു കൊലപാതകം. ശരീരത്തില്‍ ആഴത്തിലുള്ള വെട്ടേറ്റതിനാല്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരണം സംഭവിച്ചിരുന്നു.

അമൃതയുടെ പിതാവ് മാരുതി റാവുവിന്റെ നിര്‍ദേശപ്രകാരമാണ് പ്രണയിനെ കൊലപ്പെടുത്തിയത്. കൊലപാതകം നടത്തുന്നതിനായി ഒരു കോടി രൂപ പ്രതിഫലമാണ് പ്രതികള്‍ക്ക് റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ മാരുതി റാവു നല്‍കിയത്. കേസില്‍ കൊലയാളി ഉള്‍പ്പെടെ ഏഴുപേരെ പോലീസ് പിടികൂടി. ബീഹാറില്‍ നിന്നാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്ത്. പ്രതികള്‍ നിലവില്‍ വാറങ്കല്‍ സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കല്‍ പ്രകാരം തടവിലാണ്.

2018 ജനുവരിയിലാണ് പ്രണയും അമൃതവര്‍ഷിണിയും തമ്മിലുള്ള വിവാഹം നടന്നത്. പട്ടികജാതിക്കാരനായ യുവാവിനെ മകള്‍ വിവാഹം ചെയ്തതിനോട് അമൃതവര്‍ഷിണിയുടെ വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും എതിര്‍പ്പായിരുന്നു. അമൃതവര്‍ഷിണിയുടെ കുടുംബത്തിന്റെ ദുരഭിമാനമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

Exit mobile version