കുടുംബവഴക്കുമായി ബന്ധപ്പെട്ട് പരാതി പറയാനെത്തി; അമ്മയെയും മകളെയും പോലീസ് ഉദ്യോഗസ്ഥര്‍ തല്ലി ചതച്ചു, കഴുത്തിന് പിടിച്ച് സ്‌റ്റേഷനു പുറത്തേയ്ക്ക് തള്ളി! ക്രൂരത സമൂഹമാധ്യമങ്ങളില്‍ വൈറല്‍

പോലീസ് സ്റ്റേഷനുള്ളിലുണ്ടായിരുന്നൊരാള്‍ തന്നെയാണ് സംഭവം വീഡിയോയില്‍ പകര്‍ത്തിയത്.

ബംഗളൂരു: കുടുംബ വഴക്കിനെ തുടര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ പരാതി പറയാനെത്തിയ അമ്മയെയും മകളെയും മര്‍ദ്ദിച്ച് പോലീസ് ഉദ്യോഗസ്ഥരുടെ ക്രൂരത. ബംഗളരൂവിലെ കുമാരസ്വാമി ലേഔട്ട് സ്റ്റേഷനിലാണ് സംഭവം. പരാതിപറയാനെത്തിയ സ്ത്രീയെയും മകളെയും എഎസ്‌ഐയും മറ്റൊരു പോലീസുകാരനും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.

മര്‍ദ്ദനത്തിന് ശേഷം ഇരുവരെയും കഴുത്തിന് പിടിച്ച് പോലീസ് സ്‌റ്റേഷന് വെളിയില്‍ തള്ളുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ പോലീസ് ഉദ്യോസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കുടുംബവഴക്കുമായി ബന്ധപ്പെട്ട് പരാതി നല്‍കാനായാണ് സരസ്വതിയും മകള്‍ രാകേശ്വരിയും കുമാരസ്വാമി ലേ ഔട്ട് പോലീസ് സ്റ്റേഷനിലെത്തിയത്.

എന്നാല്‍ പരാതിയറിയിച്ചതോടെ എഎസ്‌ഐ രേണുകയ്യയും മറ്റൊരു സിവില് പോലീസ് ഓഫീസറും ചേര്‍ന്ന് ഇവരെ മര്‍ദ്ദിക്കുകയായിരുന്നു. ഇതിനുശേഷം സ്റ്റേഷനു പുറത്തെത്തിയ രേണുകയ്യ സരസ്വതിയെ വീണ്ടും കൈയ്യേറ്റം ചെയ്തു. പോലീസ് സ്റ്റേഷനുള്ളിലുണ്ടായിരുന്നൊരാള്‍ തന്നെയാണ് സംഭവം വീഡിയോയില്‍ പകര്‍ത്തിയത്. സംഭവത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

Exit mobile version