ഇന്ത്യയോട് സൈനികപരമായി കൂടുതല്‍ അടുക്കാന്‍ ശ്രമിച്ച് ജപ്പാന്‍; കരാര്‍ ചൈനയെ മെരുക്കാന്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തിലുള്‍പ്പെടെ ചൈനയുടെ സാന്നിധ്യം ശക്തമാകുന്നത് കണക്കിലെടുത്താണ് ഇന്ത്യയുമായി സൈനികപരമായി കൂടുതല്‍ അടുക്കാന്‍ ജപ്പാന്‍ ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഈ മാസം വാര്‍ഷിക ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാന്‍ സന്ദര്‍ശിക്കുന്നുണ്ട്. ഉച്ചകോടിയില്‍ നാവികസേനാ താവളങ്ങള്‍ പരസ്പരം ഉപയോഗിക്കാന്‍ അനുവദിക്കാനുള്ള കരാറും ചര്‍ച്ചയാകും എന്നാണ് വിവരം.

ഇന്ത്യയിലെ ജപ്പാന്‍ അംബാസിഡര്‍ കെഞ്ചി ഹിറമാത്സു പറയുന്നത് നാവികതാവളങ്ങള്‍ പങ്കുവെക്കാനുള്ള കരാര്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ സ്വാഭാവികതയാണ് തെളിയിക്കുന്നതെന്നാണ്. കരാര്‍ യാഥാര്‍ഥ്യമാക്കാനുള്ള ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഈ കരാര്‍ മലാക്കാ കടലിടുക്കില്‍ കൂടിയുള്ള ചൈനീസ് നാവികസേനാ കപ്പലുകളെ നിരീക്ഷിക്കാനായി വിന്യസിക്കപ്പെട്ടിരിക്കുന്ന ഇന്ത്യയുടെ പടക്കപ്പലുകള്‍ക്ക് അറ്റകുറ്റപ്പണികള്‍ക്കായി ജപ്പാന്റെ അധീനതയിലുള്ള നാവികതാവളങ്ങളെ ഉപയോഗിക്കാന്‍ വഴിയൊരുക്കും.

ഇതിന് സമാനമായ കരാര്‍ ഇന്ത്യയും അമേരിക്കയും 2016 ല്‍ കരാര്‍ ഒപ്പുവെച്ചിരുന്നു. ഇതിനെതിരെ ചൈന ആശങ്ക പങ്കുവെക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ജപ്പാനും സമാനമായ കരാറിന് ശ്രമിക്കുന്നത്. നിലവില്‍ ഇരുരാജ്യങ്ങളും പ്രതിരോധ രംഗത്ത് സഹകരിക്കുന്നുണ്ട്.

Exit mobile version