ഗോവ ബീച്ച് ഇനി അച്ചടക്ക പാതയില്‍! പരസ്യ മദ്യപാനത്തിനും, ഭക്ഷണം പാചകം ചെയ്യലിനും ‘പൂട്ടിട്ട്’ സര്‍ക്കാര്‍

രണ്ടായിരം രൂപ പിഴയോ മൂന്നുമാസം തടവോ വ്യവസ്ഥ ചെയ്യുന്ന ഭേദഗതിക്കാണ് ഗോവ മന്ത്രിസഭ അംഗീകാരം നല്‍കിയത്.

പനാജി: ഗോവയിലെ ബീച്ചുകള്‍ ഇനി അച്ചടക്കത്തിന്റെ പാതയിലേയ്ക്ക് മാറുന്നു. പരസ്യമായ മദ്യപാനത്തിനും ഭക്ഷണം പാചകം ചെയ്യലും ഇനി വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. രണ്ടായിരം രൂപ പിഴയോ മൂന്നുമാസം തടവോ വ്യവസ്ഥ ചെയ്യുന്ന ഭേദഗതിക്കാണ് ഗോവ മന്ത്രിസഭ അംഗീകാരം നല്‍കിയത്.

രജിസ്‌ട്രേഷന്‍ ഓഫ് ടൂറിസം ട്രേഡ് ആക്ടില്‍ ഭേദഗതി വരുത്തിയാണ് ബീച്ചുകളില്‍ മദ്യപാനത്തിനും പാചകം ചെയ്യലിനും സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങുന്നത്. ജനുവരി 29നു ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ ഭേദഗതി സഭയില്‍ അവതരിപ്പിക്കുമെന്ന് വിനോദസഞ്ചാര വകുപ്പുമന്ത്രി മനോഹര്‍ അജ്ഗാവോങ്കാര്‍ പറഞ്ഞു.

ബീച്ചുകളില്‍ കുപ്പികള്‍ പൊട്ടിക്കുക, പരസ്യമായി മദ്യപാനം നടത്തുക, ഭക്ഷണം പാകം ചെയ്യുക തുടങ്ങിയ ചെയ്യുന്നവരെ ഉദ്ദേശിച്ചാണ് ഈ ഭേദഗതി കൊണ്ടുവന്നതെന്നും മന്ത്രി വ്യക്തമാക്കി.

Exit mobile version