പ്രിയങ്കയെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളിയെന്ന് രവിശങ്കര്‍ പ്രസാദ്

പുതിയ ചുമതല ഏറ്റെടുത്ത പ്രിയങ്കയെ അഭിനന്ദിച്ച മന്ത്രി എന്നാല്‍ അവരെ എന്തിനാണ് യുപിയിലേക്ക് ഒതുക്കിയതെന്ന ചോദ്യവും ഉന്നയിച്ചു

ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയെ കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചതില്‍ അദ്ഭുതമില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. കോണ്‍ഗ്രസ് പാര്‍ട്ടി കുടുംബ പാര്‍ട്ടിയാണ്. അവരില്‍നിന്ന് ഇത്തരമൊരു തീരുമാനം ഉണ്ടായത് അദ്ഭുതപ്പെടുത്തുന്നില്ല- രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

പുതിയ ചുമതല ഏറ്റെടുത്ത പ്രിയങ്കയെ അഭിനന്ദിച്ച മന്ത്രി എന്നാല്‍ അവരെ എന്തിനാണ് യുപിയിലേക്ക് ഒതുക്കിയതെന്ന ചോദ്യവും ഉന്നയിച്ചു. പ്രിയങ്കയെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എഐസിസിയുടെ വാര്‍ത്താക്കുറിപ്പിലാണ് പ്രിയങ്കയുടെ നിയമനം സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഒപ്പം പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായി ജ്യോതിരാദിത്യ സിന്ധ്യയേയും നിയമിച്ചിട്ടുണ്ട്. പ്രിയങ്ക കോണ്‍ഗ്രസിന്റെ നേതൃതലങ്ങളിലേക്ക് വരണമെന്ന് നേരത്തെ തന്നെ ആവശ്യമുയര്‍ന്നിരുന്നതാണ്. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ അമേഠിയിലും റായ്ബറേലിയിലും അവര്‍ തെരഞ്ഞടുപ്പ് പ്രചാരണത്തിന് ഇറങ്ങുകയും ചെയ്തിരുന്നു.

Exit mobile version