നരേന്ദ്ര മോഡിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലത്തിന്; ലഭിക്കുന്ന തുക ഗംഗാ ശുചീകരണത്തിന് നല്‍കുമെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം

ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോഡിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലത്തില്‍ വച്ച്, ലഭിക്കുന്ന തുക ഗംഗാ നദിയുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലഭിച്ച 1,900ലധികം സമ്മാനങ്ങളാണ് ലേലത്തില്‍ വയ്ക്കുന്നത്. കിട്ടുന്ന തുക ഗംഗാനദി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന നമാമി ഗംഗ എന്ന പദ്ധതിക്കായി ഉപയോഗിക്കുമെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം അറിയിച്ചു.

പെയ്ന്റിങ്, പ്രതിമകള്‍, ഷാളുകള്‍, കോട്ടുകള്‍, തലപ്പാവുകള്‍, പരമ്പരാഗത സംഗീതോപകരങ്ങള്‍ തുടങ്ങിയ സമ്മാനങ്ങളാണ് ലേലത്തില്‍ വയ്ക്കുക. ജനുവരി 27 മുതല്‍ 30 വരെ സാംസ്‌കാരിക മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡല്‍ഹിയിലെ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടിലാണ് ലേലം നടക്കുക.

അഞ്ഞൂറ് രൂപ മുതലാണ് ലേല തുക. ഓണ്‍ലൈന്‍ വില്‍പനയ്ക്ക് ശേഷം ബാക്കി വരുന്ന സമ്മാനങ്ങളാണ് ലേലത്തിന് വച്ചിരിക്കുന്നത്. ഇതിന് മുമ്പ് ഈ സമ്മാനങ്ങള്‍ നാഷണല്‍ ഗാലറിയില്‍ പ്രദര്‍ശനത്തിന് വച്ചിരുന്നു.

Exit mobile version