ആള്‍ദൈവത്തിന്റെ ആത്മഹത്യക്ക് പിന്നില്‍ യുവതി…? നിരന്തരമുള്ള വിവാഹഭ്യര്‍ത്ഥനയിലും അപകീര്‍ത്തിപ്പെടുത്തുമെന്ന ഭീഷണിയിലും മനംനൊന്താണ് ജീവനൊടുക്കിയതെന്ന് പോലീസ്

കേസില്‍ ബയ്യു മഹാരാജിന്റെ പേഴ്‌സണല്‍ സെക്രട്ടറിയായ 25കാരി പാലക് പുരാണിക്കിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഇന്‍ഡോര്‍: മധ്യപ്രദേശിലെ സ്വയം പ്രഖ്യാപിത ആള്‍ദൈവം ബയ്യു മഹാരാജിന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ യുവതിയുടെ നിരന്തര ശല്യം കാരണമെന്ന് പോലീസ്. തന്നെ വിവാഹം കഴിക്കണമെന്നും ഇല്ലെങ്കില്‍ അപകീര്‍ത്തിപ്പെടുത്തുമെന്ന് പറഞ്ഞതോടെയാണ് ആള്‍ദൈവം ആത്മഹത്യയ്ക്ക് തുനിഞ്ഞത്. തന്നെ വിവാഹം കഴിക്കണമെന്ന് സഹപ്രവര്‍ത്തക ബയ്യു മഹാരാജിനോട് ആവശ്യപ്പെട്ടിരുന്നെന്നും ഇതുസംബന്ധിച്ച് അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് വ്യക്തമാക്കി.

കേസില്‍ ബയ്യു മഹാരാജിന്റെ പേഴ്‌സണല്‍ സെക്രട്ടറിയായ 25കാരി പാലക് പുരാണിക്കിനെ പോലീസ് അറസ്റ്റ് ചെയ്തു. തന്റെ വിവാഹാഭ്യര്‍ത്ഥന നിരസിക്കുകയാണെങ്കില്‍ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള സംഭവങ്ങള്‍ കെട്ടി ചമച്ച് പോലീസില്‍ പരാതി നല്‍കുമെന്ന് യുവതി ബയ്യുവിനെ ഭീഷണിപ്പെടുത്തിയിരുന്നു. തന്റെ വിവാഹാഭ്യര്‍ത്ഥനയും ഭീഷണിപ്പെടുത്തലുകളും സഹിക്കാന്‍ കഴിയാതെയാണ് ബയ്യു ആത്മഹത്യ ചെയ്തതെന്ന് യുവതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പോലീസ് പറയുന്നു.

നിരന്തര ഭീഷണികള്‍ മൂലം മാനസികമായി തളര്‍ന്ന ബയ്യുവിന് മാനസിക സമ്മര്‍ദങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള മരുന്ന് ആണെന്ന് തെറ്റ് ധരിപ്പിച്ച് യുവതി ഡോസ് കൂടിയ മരുന്നുകള്‍ നല്‍കുകയായിരുന്നു. യുവതിയും മറ്റ് രണ്ട് സഹായികളും ചേര്‍ന്നാണ് ബയ്യുവിന് മരുന്നുകള്‍ നല്‍കിയത്. ഇതിനുശേഷം ബയ്യു ആത്മഹത്യ ചെയ്യുകയായിരുന്നു. കേസില്‍ പാലക്കിനെ കൂടാതെ വിനായക് ദുധേഡ്, ശരദ് ദേശ്മുഖ് എന്നിവരേയും പോലീസ് പിടികൂടിയിട്ടുണ്ട്. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയാണ് വിനായകിനേയും ശരദിനേയും പോലീസ് അറസ്റ്റ് ചെയ്തത്. ബയ്യുവും പാലക്കും തമ്മില്‍ നടത്തിയ സ്വകാര്യ ചാറ്റ് സന്ദേശങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. 2018 ജൂണ്‍ 12നാണ് ബയ്യു മഹാരാജ് ഇന്‍ഡോറിലുള്ള തന്റെ വസതിയില്‍ സ്വയം വെടിവെച്ച് മരിച്ചത്.

Exit mobile version