വിദേശത്ത് നിന്ന് കൊണ്ട് വന്ന കള്ളപ്പണമെത്ര? ഓരോ പൗരനും 15 ലക്ഷം നല്‍കുമെന്ന് പറഞ്ഞതില്‍ എത്ര രൂപ അവരുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചു? പ്രധാന മന്ത്രിയോട് വിവരാവകാശ കമ്മീഷന്‍

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ചതുര്‍വേദിയുടെ പരാതിയിലാണ് നടപടി

ഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ നിന്ന് തിരികേ എത്തിച്ച കള്ളപ്പണം എത്രയെന്ന് വിവരാവകാശ കമ്മീഷന്‍. ഇതിനായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. പ്രധാന മന്ത്രിയുടെ ഓഫീസിനോടാണ് വിവരങ്ങള്‍ നല്‍കാന്‍ വിവരാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടത്.

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ചതുര്‍വേദിയുടെ പരാതിയിലാണ് നടപടി. വിവരാവകാശ നിയമപ്രകാരം ചതുര്‍വേദി പ്രധാനമന്ത്രിയുടെ ഓഫിസിനോട് ഉന്നയിച്ച ചോദ്യങ്ങള്‍ വിവരാവകാശത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്നായിരുന്നു നിലപാട്. ഇതിനെതിരെയാണ് ചതുര്‍വേദി കമ്മിഷനെ സമീപിച്ചത്

കള്ളപ്പണവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടതില്ല എന്നായിരുന്നു പ്രധാനമന്ത്രി ഓഫീസ് നേരത്തെ എടുത്തിരുന്ന തീരുമാനം. എന്നാല്‍, വിവരാവകാശ നിയമപ്രകാരം ഇത് തെറ്റാണെന്ന് വിവരാവകാശ കമ്മീഷന്‍ വാദിച്ചു.

നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷം വിദേശ രാജ്യങ്ങളില്‍ നിന്ന് തിരികെ ഇന്ത്യയില്‍ എത്തിച്ച കള്ളപ്പണത്തിന്റെ അളവും മൂല്യവും സംബന്ധിക്കുന്ന വിവരങ്ങള്‍ നല്‍കണം.

കള്ളപ്പണം തിരികെ എത്തിക്കാന്‍ സര്‍ക്കാര്‍ എടുത്ത നടപടികള്‍, കൂടാതെ, തിരഞ്ഞെടുപ്പ് സമയത്ത് പൗരന്മാര്‍ക്ക് നല്‍കുമെന്ന് പറഞ്ഞ 15 ലക്ഷം രൂപയില്‍ എത്ര രൂപ നല്‍കിയെന്നുള്ള വിവരങ്ങളും സമര്‍പ്പിക്കണമെന്ന് വിവരാവകാശ കമ്മീഷ്ണര്‍ നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നു.

2014ല്‍ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രധാന വാഗ്ദാനങ്ങളായിരുന്നു കള്ളപ്പണം തിരികെയെത്തിക്കുമെന്നതും. തിരികെ എത്തിക്കുന്ന കള്ളപ്പണം രാജ്യത്തെ പൗരന്മാരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുമെന്നതും.

Exit mobile version