തുടര്‍ച്ചയായി വിമാനങ്ങള്‍ക്ക് തകരാര്‍; ഗോ എയര്‍, ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ വിലക്ക്

ഇരു കമ്പനികളുടെയും എയര്‍ബസ് എ320 നിയോ വിമാനങ്ങള്‍ക്കാണ് പോര്‍ട്ട് ബ്ലയറിലേക്ക് പറക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്

ന്യൂഡല്‍ഹി: ഗോ എയര്‍, ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലേക്ക് വിമാനങ്ങള്‍ പറത്തുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇരു കമ്പനികളുടെയും എയര്‍ബസ് എ320 നിയോ വിമാനങ്ങള്‍ക്കാണ് പോര്‍ട്ട് ബ്ലയറിലേക്ക് പറക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

പ്രാറ്റ് ആന്റ് വിറ്റ്‌നി എന്‍ജിനുകള്‍ ഘടിപ്പിച്ചിരിക്കുന്ന ഈ വിമാനങ്ങള്‍ക്ക് തുടര്‍ച്ചയായി തകരാര്‍ സംഭവിക്കുന്നതാണ് വിലക്കിനു കാരണമായി വ്യോമയാന മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നത്. ഈ മാസം എട്ടിന് വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിമാനങ്ങളിലെ തകരാറുകള്‍ അതിവേഗം പരിഹരിക്കാന്‍ ഇന്‍ഡിഗോ, ഗോ എയര്‍ വിമാന കമ്പനികളോട് ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ നിര്‍ദ്ദേശിച്ചുണ്ട്.

Exit mobile version