ജീവന് വരെ ഭീഷണി; മുഴുവന്‍ സമയ സുരക്ഷ തേടി കനകദുര്‍ഗ്ഗയും ബിന്ദുവും സുപ്രീംകോടതിയില്‍

കേസ് നാളെ തന്നെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഇവരെ അറിയിച്ചിട്ടുണ്ട്.

ന്യൂഡല്‍ഹി: തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് കനകദുര്‍ഗ്ഗയും ബിന്ദുവും സുപ്രീംകോടതിയെ സമീപിച്ചു. ശബരിമല സന്ദര്‍ശനം നടത്തിയതില്‍ പിന്നെയാണ് ജീവന് വരെ ഭീഷണിയുണ്ടെന്ന് പറഞ്ഞ് ഇരുവരും സുരക്ഷ തേടിയിരിക്കുന്നത്. മുഴുവന്‍ സമയവും സുരക്ഷവേണമെന്നാണ് ഇവരുടെ ആവശ്യം.

ഈ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ബിന്ദുവിന്റേയും കനകദുര്‍ഗ്ഗയുടേയും അഭിഭാഷകര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയിയെ നേരില്‍ കണ്ട് ആവശ്യപ്പെട്ടിരുന്നു. കേസ് നാളെ തന്നെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഇവരെ അറിയിച്ചിട്ടുണ്ട്.

ശബരിമല ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് തങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളും മറ്റു സുരക്ഷാ ഭീഷണികളെക്കുറിച്ചും വ്യക്തമായി വിശദീകരിച്ചു കൊണ്ടുള്ള ഹര്‍ജിയാണ് ഇരുവരും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരക്കുന്നത്. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളുടെ പുറത്ത് ശബരിമല ദര്‍ശനം നടത്തിയ തങ്ങള്‍ക്ക് ഇപ്പോള്‍ കേരളത്തില്‍ ജീവിക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണുള്ളതെന്ന് ഇവരും ഹര്‍ജിയില്‍ പറയുന്നു.

Exit mobile version