അലഞ്ഞു തിരിഞ്ഞു നടക്കുന്ന പശുക്കളെ സംരക്ഷിക്കുന്നവരെ സ്വാതന്ത്ര്യ ദിനത്തില്‍ ആദരിക്കാനൊരുങ്ങി രാജസ്ഥാന്‍ സര്‍ക്കാര്‍

ജനങ്ങളുടെ സഹകരണത്തോടെ എങ്ങനെ തെരുവില്‍ അലയുന്ന പശുക്കളെ സംരക്ഷിക്കാം എന്ന ചിന്തയില്‍ നിന്നാണ് ഇത്തരമൊരു ഐഡിയ ഉണ്ടാകുന്നത്

സംസ്ഥാനത്ത് തെരുവില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുക്കളെ ഏറ്റെടുത്ത് പരിപാലിക്കാന്‍ തയ്യാറാകുന്നവരെ സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ആദരിക്കുമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് ഡയറക്ടറേറ്റ് ഓഫ് ഗോപാലന്‍, എല്ലാ ജില്ലാ കലക്ടര്‍മാര്‍ക്കും അയച്ചു കഴിഞ്ഞു

പശു സ്‌നേഹികളെയും സാമൂഹ്യപ്രവര്‍ത്തകരെയും എന്‍.ജി.ഒകളെയും, തെരുവ് പശുക്കളെ ഏറ്റെടുക്കാനും പരിപാലിക്കാനും തയ്യാറായി വരുന്നവര്‍ ആരായാലും അവരെ ആഗസ്റ്റ് 15 നും ജനുവരി 26 നും ആദരിക്കണമെന്നാണ് ഡയറക്ടറേറ്റ് ഓഫ് ഗോപാലന്റെ ഉത്തരവ്.

ജനങ്ങളുടെ സഹകരണത്തോടെ എങ്ങനെ തെരുവില്‍ അലയുന്ന പശുക്കളെ സംരക്ഷിക്കാം എന്ന ചിന്തയില്‍ നിന്നാണ് ഇത്തരമൊരു ഐഡിയ ഉണ്ടാകുന്നത്. ആരാണോ തെരുവില്‍ അലയുന്ന പശുക്കളെ ഏറ്റെടുക്കാനും അവയെ സംരക്ഷിക്കാനും തയ്യാറാകുന്നത്, അവരെ റിപ്പബ്ലിക് ദിനത്തിലും സ്വാതന്ത്ര്യദിനത്തിലും ജില്ലാ കലക്ടര്‍മാര്‍ ആദരിക്കുമെന്ന് പറയുന്നു ഗോപാലന്റെ ഡയറക്ടര്‍ വിശ്രം മീണ.

തെരുവില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുക്കളെ പരിപാലിക്കുന്നതിനായി ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നതിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ചുള്ള അറിയിപ്പ് ഡിസംബര്‍ 28 ന് കലക്ടര്‍മാര്‍ക്ക് അയച്ചുനല്‍കിയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഷെല്‍ട്ടര്‍ ഹോമിലുള്ള പശുക്കളെ ആള്‍ക്കാര്‍ ദത്തെടുക്കുന്നുണ്ട്.

ജനങ്ങള്‍ ജന്മദിനവും വിവാഹവാര്‍ഷികവുമെല്ലാം ദത്തെടുത്ത പശുക്കളോടൊപ്പം ആഘോഷമാക്കുകയും ചെയ്യാറുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വിശ്രം മീണ പറഞ്ഞു. താത്പര്യമുള്ള വ്യക്തികള്‍ക്ക് ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കാമെന്നും പരിശോധനക്ക് ശേഷം അര്‍ഹതപ്പട്ടവര്‍ക്ക് ജില്ലാ അടിസ്ഥാനത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുമെന്നും അദ്ദേഹം വിശദീകരിച്ചു.

പശുക്കളെ ദത്തെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഷെല്‍ട്ടര്‍ ഹോം നിര്‍ദേശിക്കുന്ന തുക കെട്ടിവെക്കണമെന്നും ഡയറക്ടറേറ്റ് ഓഫ് ഗോപാലന്റെ ഉത്തരവിലുണ്ട്. ഇങ്ങനെ തുക കെട്ടിവെക്കുന്നവര്‍ക്ക് ഷെല്‍ട്ടര്‍ ഹോമില്‍ വന്ന് എപ്പോള്‍ വേണമെങ്കിലും തങ്ങളുടെ പശുക്കളെ കാണാം. ദത്തെടുത്ത പശുക്കളെ വീടുകളില്‍ കൊണ്ടുപോകണമെന്നുള്ളവര്‍ക്ക് അതിനുള്ള അനുമതി നല്‍കുമെന്നും ഉത്തരവിലുണ്ട്.

Exit mobile version