മകളെ കണ്ടിട്ട് 11 വര്‍ഷം; യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നിമിഷ പ്രിയയെ കാണാന്‍ അമ്മയ്ക്ക് അനുമതി

യെമനിലെ സനയില്‍ എത്തിയ പ്രേമകുമാരിയോടും സഹായി സാമുവല്‍ ജെറോമിനോടും ഉച്ചയ്ക്ക് ശേഷം ജയിലില്‍ എത്താന്‍ ആണ് നിര്‍ദേശം.

കൊച്ചി: യെമനില്‍ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നിമിഷ പ്രിയയെ കാണാന്‍ അമ്മയ്ക്ക് അനുമതി. നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിക്കാണ് മകളെ കാണാന്‍ അനുമതി ലഭിച്ചത്. യെമനിലെ സനയില്‍ എത്തിയ പ്രേമകുമാരിയോടും സഹായി സാമുവല്‍ ജെറോമിനോടും ഉച്ചയ്ക്ക് ശേഷം ജയിലില്‍ എത്താന്‍ ആണ് നിര്‍ദേശം.

11 വര്‍ഷത്തിന് ശേഷമായിരിക്കും അമ്മ നിമിഷ പ്രിയയെ കാണുക. നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് സ്വാധീനമുള്ള വ്യക്തികളെ ഉപയോഗിച്ച് ഗോത്രതലവന്‍മാരുമായുള്ള ചര്‍ച്ചയും വൈകാതെ നടക്കും എന്നാണ് ഇവരുടെ പ്രതീക്ഷ.

യെമനിലെ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ചര്‍ച്ചകള്‍ക്കായാണ് അമ്മ പ്രേമകുമാരി യെമനിലെത്തിയത്. കഴിഞ്ഞ ദിവസമാണ് അമ്മ പ്രേമകുമാരിയും സേവ് നിമിഷ പ്രിയ ഫോറത്തിലെ സാമുവല്‍ ജെറോമും യെമനില്‍ എത്തിയത്. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബവുമായി ബ്ലെഡ് മണി സംബന്ധിച്ച ചര്‍ച്ചകളാണ് ആരംഭിക്കേണ്ടത്.

Exit mobile version