‘പാവപ്പെട്ടവന്റെ പണം കൊള്ളയടിക്കാനാണോ നിങ്ങള്‍ ടോള്‍ ബൂത്തിലിരിക്കുന്നത്’ ? മര്യാദയ്ക്ക് ജോലി ചെയ്തില്ലെങ്കില്‍ പണി തെറിപ്പിക്കും! ടോള്‍ ബൂത്തില്‍ അനധികൃതമായി പണപ്പിരിവ് നടത്തിയ പോലീസുകാരനെ ശാസിച്ച് മന്ത്രി

രാജസ്ഥാനിലെ യുവജന ക്ഷേമ, കായിക വകുപ്പ് മന്ത്രിയായ അശോക് ചന്ദ്നയാണ് പോലീസുകാരന്റെ അനധികൃത പണപ്പിരിവിനെ ചോദ്യം ചെയ്തത്.

ഭോപ്പാല്‍: ടോള്‍ ബൂത്തിലിരുന്ന് അനധികൃതമായി പണം പിരിച്ച പോലീസുകാരനെ ശാസിച്ച് രാജസ്ഥാന്‍ മന്ത്രി. ടോള്‍ പ്ലാസയില്‍ വെച്ച് പോലീസുകാരന്‍ പണം കൈപ്പറ്റുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ പോലീസിന് ലഭിച്ചിരുന്നു. ഇത് അന്വേഷിക്കാന്‍ മന്ത്രി തന്നെ നേരിട്ട് എത്തുകയായിരുന്നു. രാജസ്ഥാനിലെ യുവജന ക്ഷേമ, കായിക വകുപ്പ് മന്ത്രിയായ അശോക് ചന്ദ്നയാണ് പോലീസുകാരന്റെ അനധികൃത പണപ്പിരിവിനെ ചോദ്യം ചെയ്തത്.

മര്യാദയ്ക്ക് ജോലി ചെയ്തില്ലെങ്കില്‍ പണി തെറിപ്പിച്ചിരിക്കുമെന്ന് മന്ത്രി പറയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലും വൈറലായിട്ടുണ്ട്.

‘ പാവപ്പെട്ടവന്റെ പണം കൊള്ളയടിക്കാനാണോ നിങ്ങള്‍ ടോള്‍ ബൂത്തിലിരിക്കുന്നത്? ഒരു കാര്യം ചെയ്യാം പോലീസ് ഡിപാര്‍ട്മെന്റില്‍ നിന്നും നിങ്ങളെ പുറത്താക്കി തരാം. സ്ഥിരമായി ഈ ടോള്‍ ബൂത്തില്‍ ഒരു ജോലിയും തരാം”- മന്ത്രി പറയുന്നു.

ഓരോരുത്തരില്‍ നിന്നും നൂറ് രൂപ വെച്ച് നിങ്ങള്‍ പിരിക്കുന്നതായി അറിഞ്ഞു. ഇത് തുടരാനാണ് പരിപാടിയെങ്കില്‍ നിങ്ങളുടെ ജോലി അപകടത്തിലാവും. ഇത് എന്റെ അന്ത്യശാസനമായി കണക്കാക്കിക്കോളൂ. ഇത്തരം നടപടി ഇനിയും ഇവിടെ അനുവദിക്കില്ല. മന്ത്രി കൂട്ടിച്ചേര്‍ത്തു.

Exit mobile version