ഡല്‍ഹി കോണ്‍ഗ്രസ് അദ്ധ്യക്ഷയായി ഷീല ദീക്ഷിത്

അജയ് മാക്കനാണ് ഷീല ദീക്ഷിതിനെ പിസിസി അധ്യക്ഷയായി നിയമിച്ച വിവരം പുറത്തുവിട്ടത്

ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിതിനെ ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷയായി നിയമിച്ചു. അജയ് മാക്കന്‍ രാജിവച്ച ഒഴിവിലേക്കാണ് മൂന്നു വട്ടം ഡല്‍ഹിയുടെ മുഖ്യമന്ത്രിയായിരുന്ന ഷീലയുടെ നിയമനം.

അജയ് മാക്കനാണ് ഷീല ദീക്ഷിതിനെ പിസിസി അധ്യക്ഷയായി നിയമിച്ച വിവരം പുറത്തുവിട്ടത്. ഷീലയുടെ നേതൃത്വത്തില്‍ നരേന്ദ്ര മോദിക്കെതിരെയും അരവിന്ദ് കേജരിവാളിനെതിരെയും ശക്തമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ക്കു കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്ന് മാക്കന്‍ ട്വീറ്റ് ചെയ്തു.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയേയും വിശാല പ്രതിപക്ഷ സഖ്യത്തില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഷീല ദീക്ഷിതിന്റെ നിയമനം. ആപ്പിന്റെ കടുത്ത വിമര്‍ശകനായിരുന്നു മാക്കന്‍. ഷീലയും ആം ആദ്മി പാര്‍ട്ടിയെ പിന്തുണച്ചിരുന്നില്ലെങ്കിലും അടുത്ത കാലത്ത് നിലപാട് മയപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ആഴ്ചയാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം അജയ് മാക്കന്‍ ഡല്‍ഹി പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചത്. രണ്ട് തവണ എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ അജയ് മാക്കന്‍, 2015ലാണ് ഡിപിസിസി അധ്യക്ഷനായത്.

Exit mobile version