മകളെ ചേര്‍ത്ത് നിര്‍ത്തി അച്ഛന്‍, വിവാഹബന്ധം വേര്‍പെടുത്തി വീട്ടിലേക്ക് തിരിച്ചെത്തുന്ന മകളെ ഘോഷയാത്ര നടത്തി സ്വീകരിച്ച് കുടുംബം ,വൈറലായി വീഡിയോ

ജാര്‍ഖണ്ഡ് റാഞ്ചി സ്വദേശി പ്രേം ഗുപ്ത എന്നയാളാണ് വിവാഹബന്ധം വേര്‍പെടുത്തി വീട്ടിലേക്കെത്തിയ മകളെ ചേര്‍ത്ത് നിര്‍ത്തിയത്.

റാഞ്ചി: വിവാഹബന്ധം വേര്‍പെടുത്തി സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തുന്ന മകളെ വന്‍ ആഘോഷത്തോടെ സ്വീകരിച്ച് പിതാവ്. വ്യത്യസ്തമായൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ജാര്‍ഖണ്ഡ് റാഞ്ചി സ്വദേശി പ്രേം ഗുപ്ത എന്നയാളാണ് വിവാഹബന്ധം വേര്‍പെടുത്തി വീട്ടിലേക്കെത്തിയ മകളെ ചേര്‍ത്ത് നിര്‍ത്തിയത്. ആഘോഷത്തിന്റെ വീഡിയോ അദ്ദേഹം തന്നെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു.

വിവാഹച്ചടങ്ങില്‍ വരന്റെ ഘോഷയാത്രയായ ബാരത് സംഘടിപ്പിച്ചാണ് ഇദ്ദേഹം മകളെ വരവേറ്റത്. ഉത്തരേന്ത്യന്‍ വിവാഹങ്ങളില്‍ വരന്‍ വധുവിന്റെ വീട്ടിലേക്ക് ഘോഷയാത്രയായി എത്തുന്നതാണ് ബാരത്. പാട്ടിന്റെയും നൃത്തത്തിന്റെയും അകമ്പടിയോടെ അദ്ദേഹം മകളെ സ്വീകരിച്ചത്.

മരുമക്കള്‍ എന്തെങ്കിലും തെറ്റ് ചെയ്യുമ്പോള്‍ മകളോട് മാന്യമായും ബഹുമാനത്തോടെയും പെരുമാറണമെന്ന് ഗുപ്ത പറഞ്ഞു. വിവാഹത്തിന് ശേഷവും മക്കള്‍ക്ക് പിന്തുണ നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കി.

നമ്മുടെ മകളുടെ വിവാഹം വളരെ ആഡംബരത്തോടെയും ആര്‍ഭാടത്തോടെയും നടത്തുന്നു. എന്നാല്‍ അവരുടെ പങ്കാളിയോ കുടുംബമോ അവരോട് മോശമായി പെരുമാറുകയോ തെറ്റായ കാര്യങ്ങളോ ചെയ്താല്‍ മകളെ വീട്ടിലേക്ക് തിരികെ കൊണ്ടുവരണം. പെണ്‍മക്കള്‍ വളരെ വിലപ്പെട്ടവരാണ്- പ്രേം ഗുപ്ത പറഞ്ഞു.

യുവതിയുടെ കുടുംബാംഗങ്ങള്‍ അവളോടൊപ്പം ചേര്‍ന്ന് പടക്കം പൊട്ടിക്കുന്നത് കാണാം. വീട്ടിലേക്ക് എത്തുന്ന യുവതിയെ കെട്ടിപ്പിടിച്ചാണ് സ്വീകരിക്കുന്നത്. കടുംബം മുഴുവന്‍ യുവതിയുമായി തെരുവിലൂടെ ഘോഷയാത്ര നടത്തിയാണ് സ്വീകരണം നല്‍കിയത്.

അതേസമയം, നിരവധി പേരാണ് വീഡിയോ കണ്ടത്. നിരവധിയാളുകള്‍ പിതാവിന്റെ തീരുമാനത്തെ പ്രശംസിച്ചു.

Exit mobile version