സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ കയറില്‍ കെട്ടിത്തൂക്കി കിണറ്റില്‍ താഴ്ത്തി, 2 മണിക്കൂര്‍ കയറില്‍ തൂങ്ങി യുവതി! അറസ്റ്റ്, വീഡിയോ

പരാതിയുടെ അടിസ്ഥാനത്തില്‍ ജവാദ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ കീരോന്‍ ഗ്രാമത്തിലുള്ള രാകേഷ് കീരിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഭോപ്പാല്‍: സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ കിണറ്റില്‍ മുക്കിക്കൊല്ലാന്‍ ശ്രമം. സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ നീമുച്ച് ജില്ലയിലെ ഗ്രാമത്തില്‍ ആഗസ്റ്റ് 21ന് നടന്ന സംഭവത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇതോടെ പ്രതിഷേധമുയര്‍ന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ജവാദ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ കീരോന്‍ ഗ്രാമത്തിലുള്ള രാകേഷ് കീരിനെ പോലീസ് അറസ്റ്റ് ചെയ്തു.

സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യ ഉഷയെ കയറില്‍ കെട്ടിയശേഷം വീടിന് സമീപമുള്ള കിണറില്‍ താഴ്ക്കുകയായിരുന്നു. തുടര്‍ന്ന് രാകേഷ് തന്നെ ഇതിന്റെ വീഡിയോ എടുത്ത് ഉഷയുടെ മാതാപിതാക്കള്‍ക്ക് അയച്ചുകൊടുത്ത് സ്ത്രീധനം നല്‍കണമെന്ന് ഭീഷണിപ്പെടുത്തി. സ്ത്രീധനമായി അഞ്ചു ലക്ഷം രൂപ നല്‍കണമെന്നാണ് രാകേഷ് ആവശ്യപ്പെട്ടത്.

രണ്ടു മണിക്കൂറോളമാണ് ഉഷ കിണറ്റില്‍ കഴുത്തറ്റം വെള്ളത്തില്‍ കയറില്‍ തൂങ്ങി കിടന്നത്. വെള്ളത്തില്‍ മുങ്ങികിടക്കുന്ന ഉഷ, രക്ഷിക്കാന്‍ വേണ്ടി കേണപേക്ഷിക്കുന്നതും വീഡിയോയിലുണ്ട്. രണ്ടു മണിക്കൂറിനുശേഷം രാകേഷ് തന്നെ കയര്‍ വലിച്ച് ഉഷയെ പുറത്തെത്തിക്കുകയായിരുന്നു.

രാജസ്ഥാനിലെ പ്രതാപ്ഗര്‍ ജില്ലയില്‍നിന്നുള്ള ഉഷ മൂന്നു വര്‍ഷം മുമ്പാണ് രാകേഷിനെ വിവാഹം കഴിക്കുന്നത്. എന്നാല്‍, വിവാഹത്തിനുശേഷം പലപ്പോഴായി രാകേഷും രക്ഷിതാക്കളും സ്ത്രീധനം ആവശ്യപ്പെട്ട് ഉഷയെയും കുടുംബത്തെയും ബുദ്ധിമുട്ടിക്കാറുണ്ടായിരുന്നു. സ്ത്രീധനത്തിന്റെ പേരില്‍ ഉഷയെ രാകേഷ് മര്‍ദ്ദിക്കുന്നതും പതിവായിരുന്നു.

Exit mobile version