‘കൈയ്യിലൊരു വടി കരുതിക്കോളൂ’ ; ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് നിര്‍ദേശവുമായി തിരുപ്പതി ബാലാജി ക്ഷേത്രം

ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ വന്യമൃഗങ്ങളുടെ ആക്രമണമുണ്ടായാല്‍ സ്വയം പ്രതിരോധിക്കാന്‍ ഓരോ ഭക്തര്‍ക്കും ഒരു വടി കരുതാനാണ് നിര്‍ദേശം.

ഹൈദരാബാദ്: ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് പുതിയ നിര്‍ദേശവുമായി തിരുപ്പതി ബാലാജി ക്ഷേത്രം അധികൃതര്‍. ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ വന്യമൃഗങ്ങളുടെ ആക്രമണമുണ്ടായാല്‍ സ്വയം പ്രതിരോധിക്കാന്‍ ഓരോ ഭക്തര്‍ക്കും ഒരു വടി കരുതാനാണ് നിര്‍ദേശം. ഭക്തര്‍ക്ക് ക്ഷേത്രം അധികൃതര്‍ തന്നെ വടി നല്‍കും.

കഴിഞ്ഞ ദിവസം ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ ആറ് വയസ്സുകാരി പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് അധികൃതരുടെ നിര്‍ദേശം. എല്ലാവര്‍ക്കും വീതം ഓരോ വടി വീതം നല്‍കും. കൂടാതം, കാല്‍നട പാതയിലൂടെ ക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടകര്‍ ഇനി മുതല്‍ നൂറുപേരടങ്ങുന്ന ബാച്ചുകളായി ഒരു സുരക്ഷാ ജീവനക്കാരന്റെ അകമ്പടിയോടെ പോകണമെന്നുമാണ് ക്ഷേത്രത്തിന്റെ തീരുമാനമെന്ന തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ചെയര്‍പേഴ്സണ്‍ ബി കരുണാകര്‍ റെഡ്ഡി പറഞ്ഞു.

അതേസമയം, വന്യമൃഗങ്ങളെ ആകര്‍ഷിക്കാതിരിക്കാന്‍ ഭക്തജനങ്ങളും റൂട്ടിലെ ഭക്ഷണശാലകളും മാലിന്യം തള്ളരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്. ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് നേരെയുള്ള വന്യമൃഗങ്ങളുടെ ആക്രമണം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കുകയാണ് ക്ഷേത്രം അധികൃതര്‍.

Exit mobile version