ഒരോ ഗ്ലാസ് ചായക്ക് 1 കിലോ തക്കാളി ഫ്രീ, വിചിത്രമായ ഓഫറുമായി കടയുടമ! തിരക്ക് നിയന്ത്രിക്കാന്‍ പോലീസ്

ചായക്കട ഉടമ ഡേവിഡ് മനോഹറാണ് ആളുകളെ ആകര്‍ഷിക്കാന്‍ ഇത്തരമൊരു ഓഫര്‍ മുന്നോട്ടുവെച്ചത്.

ചെന്നൈ: പോലീസിന്റെയും ബൗണ്‍സര്‍മാരുടെയും കാവലില്‍ ചായ വില്‍പ്പന എന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? എന്നാല്‍ അങ്ങനെയൊരു സംഭവം നടന്നിരിക്കുകയാണ് ചെന്നൈ നഗരത്തില്‍. ചെന്നൈ കൊളത്തൂര്‍ ഗണപതി റാവു സ്ട്രീറ്റിലെ വീ ചായ് ചായക്കടയിലാണ് പോലീസിന്റെ കാവലില്‍ ചായവില്‍പ്പന നടത്തുന്നത്.

എന്നാല്‍ ഇവിടെ ചായ അല്ല താരം. തക്കാളി വില 200 തൊട്ടതോടെ കടയുടമ ഒരു ഓഫര്‍ വെച്ചിരുന്നു. 300 പേര്‍ക്ക് ഒരു ഗ്ലാസ് ചായക്കൊപ്പം ഒരു കിലോ തക്കാളി ഫ്രീ എന്നതാണ് ആ ഓഫര്‍. ചായക്കട ഉടമ ഡേവിഡ് മനോഹറാണ് ആളുകളെ ആകര്‍ഷിക്കാന്‍ ഇത്തരമൊരു ഓഫര്‍ മുന്നോട്ടുവെച്ചത്.

ഇൗ കടയില്‍ വൈകീട്ട് നാലിന് ചായവില്‍പ്പന തുടങ്ങും. പക്ഷേ ഒരു മണിക്കൂര്‍ മുന്‍പേ നൂറോളം പേര്‍ ടോക്കണും വാങ്ങി ക്യൂവിലുണ്ടാകും. ഇത്തരമൊരു ഓഫര്‍ വെച്ചത് കാരണമാണ് ഇവിടെയുള്ള തിരക്കിന് കാരണം.

ടോക്കണ്‍ ചായയുടെ പേരിയാണെങ്കിലും തക്കാളി കിട്ടിയാല്‍ ചായ എടുക്കാന്‍ പലരും മറക്കും. തക്കാളിക്കായി ഓട്ടോ പിടിച്ചും ആള് വന്നതോടെ തിരക്ക് നിയന്ത്രിക്കാന്‍ പോലീസും ബൗണ്‍സര്‍മാരും വരെ ഇറങ്ങി. തമിഴ്‌നാട്ടില്‍ തല്‍ക്കാലം ഇതിലും വലിയ ഓഫര്‍ സ്വപ്നങ്ങളില്‍ മാത്രമെന്നാണ് ആളുകള്‍ പറയുന്നത്.

Exit mobile version