വീട്ടില്‍ കടുത്ത ദാരിദ്രം, ദിവസക്കൂലിക്കാരി, കഷ്ടപ്പാടിനിടയിലും പഠിച്ച് നേടിയത് കെമിസ്ട്രിയില്‍ പിഎച്ച്ഡി!

ജീവിതത്തിലെ എല്ലാ പ്രതിന്ധികളെയും തരണം ചെയ്ത് കെമിസ്ട്രിയില്‍ ഗവേഷണ ബിരുദം സ്വന്തമാക്കിയിരിക്കുകയാണ് ഡോ. സാകെ ഭാരതി.

ആന്ധ്രാപ്രദേശ്: ജീവിതത്തിലെ എല്ലാ പ്രതിന്ധികളെയും തരണം ചെയ്ത് കെമിസ്ട്രിയില്‍ ഗവേഷണ ബിരുദം സ്വന്തമാക്കിയിരിക്കുകയാണ് ഡോ. സാകെ ഭാരതി. ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ജില്ലയില്‍ നിന്നുള്ള ഒരു അസാധാരണ സ്ത്രീയാണ് ഭാരതി. അതിനിടയില്‍ അവര്‍ നേരിട്ടത് കടുത്ത ദാരിദ്രവും പട്ടിണിയും. സ്വന്തമായൊരു വീടും അവര്‍ക്ക് ഉണ്ടായിരുന്നില്ല.

സ്‌കൂള്‍ പഠനകാലത്ത് സാമ്പത്തിക പ്രശ്‌നം രൂക്ഷമായപ്പോള്‍ അച്ഛന്‍ ഭാരതിയോട് പഠനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍, മുത്തച്ഛനാണ് അവളെ വീണ്ടും പഠിക്കാനായി നിര്‍ബന്ധിച്ചത്. സ്‌കൂള്‍ കാലം കഴിയുമുമ്പേ മുത്തച്ഛന്‍ മരിക്കുകയും ചെയ്തു. പ്ലസ്ടു പാസായ ഭാരതിക്ക് വീട്ടുകാരുടെ നിര്‍ബന്ധം കാരണം അമ്മാവനെ വിവാഹം കഴിക്കേണ്ടി വന്നു. തുടര്‍ന്ന് അമ്മയായി.

മൂന്ന് സഹോദരിമാരില്‍ മൂത്തവളാണ് സാകെ ഭാരതി. വീട്ടിലെ ദാരിദ്രം കാരണം ആറുവര്‍ഷമായി, ഒരു കാര്‍ഷിക ഫാമില്‍ ദിവസ വേതനത്തിന് ജോലി ചെയ്യുകയായിരുന്നു. പക്ഷേ, തന്റെ സ്വപ്‌നത്തെ ഉപേക്ഷിക്കാന്‍ തയ്യാറാവാത്ത ഭാരതി എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് മുന്നേറി. ജോലിയോടൊപ്പമാണ് അവള്‍ തന്റെ സ്വപ്‌നമായ ബിരുദ പഠനം ആരംഭിക്കുന്നത്.

പക്ഷേ, ഭര്‍ത്താവ് ശിവപ്രസാദ് തന്റെ സ്വപ്നങ്ങള്‍ക്കും കൂട്ടായിരിക്കുമെന്ന് ഭാരതി ഒരിക്കലും കരുതിയില്ല. ശിവപ്രസാദ് ഭാരതിയെ തുടര്‍ന്ന് പഠിക്കാന്‍ പ്രോത്സാഹിപ്പിച്ചു. ”ഭര്‍ത്താവ് ശിവപ്രസാദിന് എന്റെ പഠനം തുടരാന്‍ എന്നേക്കാള്‍ താല്‍പ്പര്യമുണ്ടായിരുന്നു. സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടുകളില്‍ നിന്നും ദാരിദ്ര്യത്തില്‍ നിന്നും രക്ഷപ്പെടാന്‍ വിദ്യാഭ്യാസം മാത്രമാണ് വഴിയെന്ന് അദ്ദേഹം പറയും. ‘എന്ത് വന്നാലും’ എന്നെ പിന്തുണയ്ക്കുമെന്ന് അദ്ദേഹം പറയും. അദ്ദേഹം വാക്ക് പാലിച്ചു,’ ഡോ ഭാരതി എന്‍ഡിടിവിയോട് പറഞ്ഞു.

തന്റെ സ്വപ്‌നം നേടിയെടുക്കാന്‍ വേണ്ടി അവള്‍ ഊണും ഉറക്കവുമില്ലാതെ കഠിനാധ്വാനം ചെയ്തു. കോളേജ് ഇല്ലാത്തപ്പോഴൊക്കെ അടുത്തുള്ള കാര്‍ഷിക ഫാമില്‍ പണിക്ക് പോയി. രാവിലെ കുടുംബത്തിനുള്ള ഭക്ഷണവും മറ്റും തയ്യാറാക്കി വച്ച്, കുട്ടിയെ വീട്ടുകാരെ ഏല്‍പ്പിച്ച് ദീര്‍ഘ ദൂരം നടന്ന് അവള്‍ കോളേജിലേക്കുള്ള ബസ് കയറി. ഒടുവില്‍ ആ വിജയം ഭാരതി സ്വന്തമാക്കി. ഇന്ന് രാജ്യത്തെ എല്ലാ കുട്ടികള്‍ക്കും ഭാരതി ഒരു പ്രചോദനമാണ്. നിരവധി പേരാണ് ഭാരതിയെ അഭിനന്ദിച്ചു കൊണ്ട് രംഗത്ത് എത്തുന്നത്.

Exit mobile version