പ്രധാനമന്ത്രി കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റിലെത്തിയത് ആകെ 24 മണിക്കൂര്‍ മാത്രം; കൂടുതല്‍ സമയവും ചെലവഴിച്ചത് തെരഞ്ഞെടുപ്പ് പ്രചരണത്തിനെന്നും ഡെറക് ഒബ്രയാന്‍

ലോക്സഭ രേഖകള്‍ ഉപയോഗിച്ചായിരുന്നു ഡെറക് ഒബ്രയാന്റെ വിമര്‍ശനം

കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്രമോഡി ലോക്സഭയില്‍ ആകെ വന്നത് 24 മണിക്കൂര്‍ മാത്രമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറക് ഒബ്രയാന്‍. കഴിഞ്ഞ വര്‍ഷം മോഡി പാര്‍ലമെന്റില്‍ വന്നതിനേക്കാള്‍ കൂടുതല്‍ ദിവസം 2017ല്‍ ഗുജറാത്ത് പ്രചരണത്തിനുണ്ടായിരുന്നുവെന്ന് ഡെറക് ഒബ്രയാന്‍ പറഞ്ഞു. ലോക്സഭ രേഖകള്‍ ഉപയോഗിച്ചായിരുന്നു ഡെറക് ഒബ്രയാന്റെ വിമര്‍ശനം. രാജ്യസഭയിലായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.

പ്രധാനപ്പെട്ട ഒരു നേതാവ് പ്രസംഗിക്കാന്‍ പോകുന്നതില്‍ എനിക്ക് അഭിപ്രായ വ്യത്യാസമൊന്നുമില്ല. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി എല്ലായിടത്തും പോയി പ്രസംഗിക്കാറുണ്ട്. പക്ഷെ ഒരു കണക്കൊക്കെ വേണ്ടെയെന്നും ഡെറക് ഒബ്രയാന്‍ പറഞ്ഞു.

ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നിന്നുള്ള എംപിയാണ് നരേന്ദ്രമോഡി. ഇത്തവണ വാരണാസിക്ക് പകരം ഒഡീസയിലെ പുരി ലോക്സഭ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന വാര്‍ത്തകള്‍ വരുന്നതിനിടെയാണ് ഡെറക് ഒബ്രയാന്റെ രേഖകള്‍ വെച്ചുള്ള ആക്രമണം.

Exit mobile version