ഉയര്‍ന്ന IELTS സ്‌കോര്‍, പക്ഷേ ഇംഗ്ലീഷില്‍ ഒരു വാക്ക് പോലുമറിയില്ല : തട്ടിപ്പ് നടത്തിയ ഗുജറാത്ത് യുവാക്കള്‍ അമേരിക്കയില്‍ പിടിയില്‍

IELTS | Bignewslive

അഹമ്മദാബാദ് : IELTS പരീക്ഷയില്‍ തട്ടിപ്പ് നടത്തിയ യുവാക്കള്‍ അമേരിക്കയില്‍ പിടിയില്‍. ദക്ഷിണ ഗുജറാത്തിലെ നവസാരി പട്ടണത്തില്‍ IELTS പരീക്ഷയെഴുതിയ നാല് വിദ്യാര്‍ഥികളാണ് പിടിയിലായത്. അനധികൃതമായി അതിര്‍ത്തി കടക്കുന്നതിനിടെ പിടിയിലായ വിദ്യാര്‍ഥികളെ ചോദ്യം ചെയ്തപ്പോള്‍ തട്ടിപ്പ് പുറത്തെത്തുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് യുവാക്കള്‍ നാല് പേരും പരീക്ഷയെഴുതിയത്. കാനഡയിലെ കോളേജില്‍ പ്രവേശനം നേടുകയായിരുന്നു ലക്ഷ്യം. പരീക്ഷയില്‍ എല്ലാവര്‍ക്കും തന്നെ 6.5 മുതല്‍ 7 വരെ സ്‌കോറുണ്ടായിരുന്നു. ഇത് പ്രകാരം സ്റ്റുഡന്റ് വിസയില്‍ മാര്‍ച്ചില്‍ ഇവര്‍ കാനഡയിലെത്തി. എന്നാല്‍ രണ്ടാഴ്ച തികയും മുമ്പേ അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമം നടത്തി പോലീസിന്റെ പിടിയിലാവുകയും പോലീസ് യുവാക്കളെ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. കോടതിയുടെ ചോദ്യം ചെയ്യലില്‍ ഇംഗ്ലീഷില്‍ ഒരു വാക്ക് പോലും പറയാന്‍ കഴിയാതെ വന്നതോടെ ഉദ്യോഗസ്ഥര്‍ക്ക് സംശയമായി. തുടര്‍ന്ന് ഹിന്ദി പരിഭാഷകനെ വരുത്തി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതോടെയാണ് തട്ടിപ്പ് വെളിയിലാകുന്നത്.

സംഭവത്തോടെ യോഗ്യതയില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് കാനഡയിലെ കോളേജുകളില്‍ പ്രവേശനം നേടുന്നതിന് ഉയര്‍ന്ന IELTS സ്‌കോര്‍ നല്‍കുന്ന സംഘത്തിനായുള്ള തിരച്ചില്‍ ആരംഭിച്ചിരിക്കുകയാണ് പോലീസ്. യുവാക്കള്‍ പരീക്ഷയെഴുതിയ ഹാളിലെ സിസിടിവികള്‍ ഓഫാക്കിയതിനാല്‍ പരീക്ഷ നടത്തിയ ഏജന്‍സി സുതാര്യത പാലിച്ചിട്ടില്ലെന്ന് ഇതുവരെയുള്ള അന്വേഷണത്തില്‍ തെളിഞ്ഞതായി പോലീസ് അറിയിച്ചിട്ടുണ്ട്. പരീക്ഷയ്ക്ക് മുമ്പ് സൂപ്പര്‍വൈസര്‍ ക്യാമറ ഓഫ് ചെയ്യുകയായിരുന്നുവെന്നാണ് വിവരം.

Exit mobile version