സര്‍ക്കാര്‍ ജോലി സഫലമാക്കാന്‍ പ്രധാനമന്ത്രിയെ ‘കരുവാക്കി’; ഹൈക്കോടതിയിലെ ടൈപിസ്റ്റിന്റെ ജോലിയ്ക്ക് മോഡിയുടെ വ്യാജ ഒപ്പിട്ട ശുപാര്‍ശ കത്ത് നല്‍കിയ യുവാവ് അറസ്റ്റില്‍

കര്‍ണാടക ഹൈക്കോടതി രജിസ്ട്രി വിഭാഗത്തില്‍ ജോലി കൊടുക്കണമെന്ന നരേന്ദ്രമോഡിയുടെ പേരിലും ഒപ്പിലും ഉള്ള വ്യാജ ശുപാര്‍ശ കത്താണ് ഇയാള്‍ നല്‍കിയത്

ബംഗളൂരു: സര്‍ക്കാര്‍ ജോലി എന്ന ചിരകാല സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഉപയോഗിച്ച യുവാവ് ഒടുവില്‍ അറസ്റ്റില്‍. കര്‍ണാടകയിലെ ബെലെഗാവിയിലെ സഞ്ജയ് കുമാര്‍(30) എന്ന യുവാവാണ് പിടിയിലാത്. ഹൈക്കോടതിയിലെ ടൈപ്പിസ്റ്റ് ജോലിയ്ക്ക് വേണ്ടി മോഡിയുടെ വ്യാജ ഒപ്പിട്ട ശുപാര്‍ശ കത്ത് നല്‍കുകയായിരുന്നു.

കര്‍ണാടക ഹൈക്കോടതി രജിസ്ട്രി വിഭാഗത്തില്‍ ജോലി കൊടുക്കണമെന്ന നരേന്ദ്രമോഡിയുടെ പേരിലും ഒപ്പിലും ഉള്ള വ്യാജ ശുപാര്‍ശ കത്താണ് ഇയാള്‍ നല്‍കിയത്. പ്രൈവറ്റ് സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു സഞ്ജയ് കുമാര്‍. കര്‍ണാടക ഹൈക്കോടതി ഡപ്യൂട്ടി രജിസ്റ്റാര്‍ രാജേശ്വരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ശുപാര്‍ശക്കത്ത് എന്ന രീതിയില്‍ ഇയാള്‍ വ്യാജരേഖ ചമയ്ക്കുകയായിരുന്നു.

ഇന്റര്‍നെറ്റില്‍ നിന്ന് നരേന്ദ്ര മോഡിയുടെ ഒപ്പ് ഡൗണ്‍ലോഡ് ചെയ്ത് ശുപര്‍ശ കത്തില്‍ ഉപയോഗിച്ചു. സഞ്ജയിന് ടൈപ്പിസ്റ്റായി ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ടുളള കത്ത് ഓഫിസില്‍ ഫെബ്രുവരി ആദ്യം തപാല്‍ മാര്‍ഗം എത്തുകയായിരുന്നു. പ്രധാനമന്ത്രിയില്‍ നിന്നുളള കത്ത് കണ്ട് അമ്പരന്ന ഉദ്യോഗസ്ഥര്‍ കത്ത് പരിശോധനയ്ക്കായി ഹൈക്കോടതിയുടെയു വിജിലന്‍സ് വിംഗിന് കൈമാറുകയായിരുന്നു. ഒരു തരത്തിലുളള ശുപാര്‍ശകത്തും ആര്‍ക്കും അയച്ചിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുകയായിരുന്നു. ശേഷമാണ് ഇയാള്‍ കുടുങ്ങിയത്.

Exit mobile version