ചടങ്ങുകളെല്ലാം വീട്ടിലൊരുക്കി, വിവാദങ്ങളെ മാറ്റി നിര്‍ത്തി ക്ഷമ വിവാഹിതയായി

അഹമ്മദാബാദ് : പങ്കാളിയില്ലാതെ സ്വന്തമായി വിവാഹം കഴിക്കുന്ന സോളോഗമിയ്‌ക്കൊരുങ്ങുന്നതിന് ഏറെ പഴി കേട്ട വ്യക്തിയായിരുന്നു ഗുജറാത്ത് സ്വദേശിനിയായ ക്ഷമ ബിന്ദു. സംസ്‌കാരത്തിന് യോജിച്ചതല്ലെന്നും ഹിന്ദുജനസംഖ്യ കുറയ്ക്കുമെന്നുമൊക്കെയായി ഒരിക്കല്‍ പോലും നേരിട്ട് കണ്ടിട്ടില്ലാത്തവരുടെ തലങ്ങും വിലങ്ങുമുള്ള എതിര്‍പ്പുകളായിരുന്നു വിവാഹം പ്രഖ്യാപിച്ചത് മുതല്‍ ക്ഷമയുടെ ചുറ്റും.

എന്നാല്‍ വിവാദങ്ങള്‍ക്ക് ബലി കൊടുക്കേണ്ടതല്ല സ്വന്തം ജീവിതം എന്നും തീരുമാനങ്ങളെല്ലാം എന്നും നമ്മുടേത് തന്നെയാവണമെന്നും ഓര്‍മപ്പെടുത്തി ഒടുവില്‍ വിവാഹിതയായിരിക്കുകയാണ് ക്ഷമ. ബുധനാഴ്ച സ്വന്തം വീട്ടില്‍ വെച്ച് എല്ലാ ആചാരാനുഷ്ഠാനങ്ങളോടും കൂടിയായിരുന്നു ക്ഷമയുടെ വിവാഹം. 40 മിനിറ്റ് നീണ്ടു നിന്ന വിവാഹച്ചടങ്ങില്‍ പൂജാരിയും വരനുമില്ല എന്നത് മാത്രമായിരുന്നു വ്യത്യാസം. അഗ്നിക്ക് ചുറ്റും ഏഴ് തവണ വലം വയ്ക്കലും സിന്ദൂരം ചാര്‍ത്തലും ഒക്കെ നടന്നു. ജീവിതത്തിന്റെ ഈ നിമിഷം മുതല്‍ മരണം വരെ കൂടെയുണ്ടാകുമെന്ന് പ്രതിജ്ഞയെടുക്കുമ്പോള്‍ ബന്ധുക്കളും സുഹൃത്തുക്കളും ക്ഷമയുടെ നേരെ പൂവിതറി.

ജൂണ്‍ 11നാണ് ക്ഷമയുടെ വിവാഹം തീരുമാനിച്ചിരുന്നത്. എന്നാല്‍ വിവാഹ വാര്‍ത്ത പുറത്തെത്തിയതിന് പിന്നാലെ വിവാദങ്ങളും ഉടലെടുക്കുകയും ക്ഷേത്രത്തില്‍ വെച്ച് വിവാഹം നടത്താന്‍ സമ്മതിക്കില്ലെന്നറിയിച്ച് ബിജെപി നേതാവ് സുനിത ശുക്ല രംഗത്തെത്തുകയും ചെയ്തതോടെ വിവാഹം നേരത്തേയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ക്ഷമയുടെ വിവാഹത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കളും രംഗത്ത് വന്നിരുന്നു. യുവതിക്ക് ഭ്രാന്താണെന്നായിരുന്നു മഹാരാഷ്ട്ര കോണ്‍ഗ്രസ് ലീഡര്‍ മിലിന്ദ് ഡിയോറയുടെ പ്രസ്താവന.

എന്തായാലും എതിര്‍പ്പുകളെയെല്ലാം അവഗണിച്ച് സ്വന്തം ആഗ്രഹപ്രകാരം വിവാഹിതയായിരിക്കുകയാണ് ക്ഷമ. കൂടെ നിന്നവര്‍ക്കും പ്രോത്സാഹിപ്പിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും സ്‌നേഹവും പിന്തുണയും എപ്പോഴും കൂടെയുണ്ടാകണമെന്നും ക്ഷമ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ഇന്ത്യയിലെ ആദ്യത്തെ സോളോഗമിയാണ് ക്ഷമയുടേത്. ഇന്ത്യയിലിത്‌ നിയമപരമായി അംഗീകരിച്ചിട്ടില്ലാത്തതിനാല്‍ ക്ഷമയുടെ വിവാഹം നിയമപരമായി നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.

Exit mobile version