“താജ്മഹലിനെ പറ്റി നല്ലവണ്ണം പഠിച്ചിട്ട് വരൂ,” : വിമര്‍ശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ : താജ്മഹലിലെ അടച്ചിട്ട മുറികള്‍ തുറക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ രൂക്ഷ വിമര്‍ശനവുമായി അലഹബാദ് ഹൈക്കോടതി. ഹര്‍ജിക്കാര്‍ അതിര് കടക്കരുതെന്ന് വിമര്‍ശിച്ച കോടതി താജ്മഹലിനെക്കുറിച്ച് നല്ലവണ്ണം പഠിച്ചിട്ട് വരാനും ഹര്‍ജിക്കാരോട് നിര്‍ദേശിച്ചു.

“ഹര്‍ജിക്കാര്‍ ആദ്യം പോയി എംഎ, നെറ്റ് ജെആര്‍എഫ് എന്നിവ ചെയ്യുക. പിന്നീട് ഈ വിഷയത്തില്‍ ഗവേഷണവും നടത്തണം. ഗവേഷണത്തില്‍ നിന്ന് ഏതെങ്കിലും സ്ഥാപനം നിങ്ങളെ തടഞ്ഞാല്‍ കോടതിയിലേക്ക് വരൂ. അപ്പോള്‍ നോക്കാം. നിങ്ങള്‍ പറയുന്നതിനനുസരിച്ച് ചരിത്രം പഠിപ്പിക്കണമെന്നാണോ ആവശ്യപ്പെടുന്നത്? നിങ്ങളാദ്യം പോയി താജ്മഹലിന്റെ ചരിത്രം പഠിക്കുക. വെറുതേ കോടതിയുടെ സമയം പാഴാക്കരുത്. ഇന്ന് നിങ്ങള്‍ താജ്മഹലിലെ അടച്ചിട്ട മുറികള്‍ തുറക്കാന്‍ ആവശ്യപ്പെട്ടു. നാളെ നിങ്ങള്‍ ജഡ്ജിയുടെ ചേംബര്‍ തുറന്ന് കാട്ടണമെന്ന് ആവശ്യപ്പെടില്ലെന്നാര് കണ്ടു. പൊതുതാല്പര്യ ഹര്‍ജിയുടെ സാധ്യതകളെ വെറുതേ പരിഹസിക്കരുത്”. കോടതി പറഞ്ഞു.

ഹിന്ദു വിഗ്രഹങ്ങളുണ്ടോ എന്ന് പരിശോധിക്കണമെന്ന് കാട്ടി ബിജെപിയുടെ അയോധ്യ വിങ് മീഡിയ ഇന്‍ ചാര്‍ജ് രാജ്‌നീഷ് സിങ് ആണ് താജ്മഹലിലെ അടഞ്ഞ് കിടക്കുന്ന 22 മുറികള്‍ തുറക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. താജ്മഹല്‍ തേജോ മഹാലയ എന്ന ശിവക്ഷേത്രമാണെന്ന് വാദിക്കുന്ന ചില ചരിത്രകാരന്മാരുടെ വാദങ്ങളും ഹര്‍ജിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇത്തരം വിഷയങ്ങളില്‍ കോടതിക്ക് ഉത്തരവിറക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി ജസ്റ്റിസുമാരായ ഡി.കെ ഉപാധ്യായ, സുബാഷ് വിദ്യാര്‍ഥി എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി തള്ളുകയായിരുന്നു.

Exit mobile version