പശുവിനെ കശാപ്പ് ചെയ്തുവെന്ന് ആരോപണം : മധ്യപ്രദേശില്‍ ആദിവാസി യുവാക്കളെ മര്‍ദിച്ച് കൊലപ്പെടുത്തി

ഭോപ്പാല്‍ : പശുവിനെ കശാപ്പ് ചെയ്തുവെന്നാരോപിച്ച് മധ്യപ്രദേശിലെ സിയോനിയില്‍ രണ്ട് ആദിവാസി യുവാക്കളെ കൂട്ടം ചേര്‍ന്ന് മര്‍ദിച്ചു കൊന്നു. ഇരുപത് പേരടങ്ങിയ സംഘത്തിന്റെ ആക്രമണത്തില്‍ മറ്റൊരു യുവാവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അക്രമികള്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണെന്ന് പരാതിക്കാരും കോണ്‍ഗ്രസ്സും ആരോപിച്ചു.

തിങ്കളാഴ്ച പുലര്‍ച്ചെ 2.30നും മൂന്നിനും ഇടയില്‍ കുറായ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. സാഗർ സ്വദേശി സമ്പത്ത് ബട്ടി‌, സിമരിയ സ്വദേശി ധൻസ എന്നിവരെ സംഘം വടികൊണ്ട് മർദിക്കുകയായിരുന്നുവെന്നും തടയാനെത്തിയ തനിക്കും മർദനമേറ്റെന്നും പരിക്കേറ്റ ബ്രജേഷ് ബട്ടി പറഞ്ഞു. ആയുധങ്ങളുമായി യുവാക്കളുടെ വീട്ടിലേക്ക് ഇരച്ചുകയറിയ സംഘം പശുവിനെ കശാപ്പ് ചെയ്തുവെന്ന് ആരോപിച്ച് ഇവരെ തലങ്ങും വിലങ്ങും മര്‍ദിയ്ക്കുകയായിരുന്നു. രണ്ട് പേരും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആണ് മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തതയുണ്ടാകൂ എന്ന് അഡീഷണല്‍ പോലീസ് സൂപ്രണ്ട് എസ്‌കെ മാറവി വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

സംഭവത്തില്‍ ഇരുപത് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇതില്‍ ആറ് പേര്‍ക്കെതിരെ കൊലപാതകക്കുറ്റം ഉള്‍പ്പടെ ചുമത്തിയാണ് കേസ്. പ്രതികളില്‍ മൂന്ന് പേര്‍ കസ്റ്റഡിയിലുണ്ട്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സംഭവത്തിന് പിന്നാലെ എംഎല്‍എ അര്‍ജുന്‍ സിംഗ് കക്കോഡിയയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ജബല്‍പൂര്‍-നാഗ്പൂര്‍ ഹൈവേ ഉപരോധിച്ചിരുന്നു.കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരവും സർക്കാർ ജോലിയും നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Exit mobile version