രാജീവ് ഗാന്ധിയുടെ പ്രതിമയില്‍ പാലൊഴിച്ച് തലപ്പാവ് ഉപയോഗിച്ച് തുടച്ചു; സിഖുകാരനായ കോണ്‍ഗ്രസ് നേതാവിന് ഭീഷണി

സിഖ് വംശജരാണ് ഗുര്‍സിമ്രാനെതിരെ രംഗത്തെത്തിയത്.

ന്യൂഡല്‍ഹി: പ്രതിമ വിവാദം വീണ്ടും പുകയുകയാണ്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രതിമയില്‍ പാലൊഴിച്ച് തലപ്പാവ് വെച്ച് തുടച്ച സിഖ് കോണ്‍ഗ്രസ് നേതാവാണ് ഇപ്പോള്‍ വിവാദത്തില്‍പ്പെട്ടിരിക്കുന്നത്. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. ദിവസങ്ങള്‍ക്ക് മുന്‍പ് ലുധിയാനയിലെ കോണ്‍ഗ്രസ് നേതാക്കള്‍ രാജീവ് ഗാന്ധി പ്രതിമയ്ക്ക് മുകളില്‍ പാലഭിഷേകം നടത്തിയിരുന്നു.

ഇതിന് പിന്നാലെ അകാലിദള്‍ പ്രവര്‍ത്തകര്‍ എത്തി പ്രതിമയ്ക്ക് മുകളില്‍ കരി ഓയില്‍ ഒഴിക്കുകയായിരുന്നു. ശേഷം ഗുര്‍സിമ്രാന്‍ പ്രതിമയ്ക്ക് മുകളില്‍ പാല്‍ ഒഴിക്കുകയും തന്റെ തലപ്പാവ് ഉപയോഗിച്ച് പ്രതിമ വൃത്തിയാക്കുകയും ചെയ്തു. ഇതാണ് മത സമുദായത്തെ ചൊടിപ്പിച്ചത്. ഇതിന്റെ വീഡിയോ ഗുര്‍സിമ്രാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

സിഖ് വംശജരാണ് ഗുര്‍സിമ്രാനെതിരെ രംഗത്തെത്തിയത്. ഇതിനിടെ കാനഡയില്‍ നിന്നുള്ള ഒരു യുവാവ് ഗുര്‍സിമ്രാനെ കൊലപ്പെടുത്തുവര്‍ക്ക് 1 കോടി രൂപ പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ തന്റെ ഫേസ്ബുക്ക് പേജ് റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിച്ചെന്നും വിദേശ രാജ്യങ്ങളില്‍ നിന്നുപോലും വധഭീഷണി കോളുകള്‍ ലഭിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version