തദ്ദേശീയമായി ഇന്ത്യ നിര്‍മ്മിക്കുന്ന എഞ്ചിനില്ലാത്ത ആദ്യ ട്രെയിന്‍; രാജ്യത്തെ അതിവേഗ തീവണ്ടിയായ ‘ട്രെയിന്‍ 18’ ന്റെ പ്രത്യേകതകള്‍ വെളിപ്പെടുത്തി റെയില്‍വേ മന്ത്രി

100 കോടി രൂപ ചെലവില്‍ 18 മാസം കൊണ്ട് ചെന്നൈയിലുള്ള ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയാണ് ട്രെയിന്‍ നിര്‍മ്മിച്ചത്

ന്യൂഡല്‍ഹി: രാജ്യത്തെ അതിവേഗ തീവണ്ടിയായ ട്രെയിന്‍ 18 ന്റെ പ്രത്യേകതകള്‍ വിവരിച്ച് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. ട്വിറ്ററിലൂടെയാണ് മന്ത്രി ട്രെയിന്‍ 18 നെ രാജ്യത്തെ വേഗതയേറിയ ട്രെയിനായി പ്രഖ്യാപിച്ചത്. മണിക്കൂറില്‍ 180 കിലോ മീറ്ററാണ് ട്രെയിന്‍ 18ന്റെ വേഗത.

100 കോടി രൂപ ചെലവില്‍ 18 മാസം കൊണ്ട് ചെന്നൈയിലുള്ള ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയാണ് ട്രെയിന്‍ നിര്‍മ്മിച്ചത്. ട്രെയിനില്‍ 16 പാസഞ്ചര്‍ കാറുകളാണ് ഉള്ളത്. 1128 പേര്‍ക്ക് ഒരേസമയം ട്രെയിന്‍ 18 ല്‍ യാത്ര ചെയ്യാന്‍ സാധിക്കും.

നല്ല ട്രാക്കിലാണെങ്കില്‍ മണിക്കൂറില്‍ 200 കിലോ മീറ്റര്‍ വേഗത കൈവരിക്കാനും ഈ ട്രെയിന് സാധിക്കും. ലക്ഷ്യ സ്ഥാനത്ത് എത്തിയ ശേഷം അതിവേഗം എതിര്‍ ദിശയിലേക്കുള്ള യാത്ര ആരംഭിക്കാനാകുന്ന തരത്തിലുള്ള ഡ്രൈവര്‍ കാറുകളാണ് ഈ ട്രെയിനിലുള്ളത്. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന എഞ്ചിനില്ലാത്ത ആദ്യ ട്രെയിന്‍ കൂടിയാണ് ‘ട്രെയിന്‍ 18’.

Exit mobile version