മോഡിയുടെ ദീര്‍ഘായുസ്സിനായി രാജ്യം മുഴുവന്‍ മഹാമൃത്യുഞ്ജയ മന്ത്രജപം നടത്തുമെന്ന് ബിജെപി

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ദീര്‍ഘായുസ്സിനായി രാജ്യം മുഴുവന്‍ മഹാമൃത്യുഞ്ജയ മന്ത്ര ജപം നടത്താനൊരുങ്ങി ബിജെപി. പഞ്ചാബിലെ സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് വിവരം. സംസ്ഥാന, ദേശീയ നേതാക്കള്‍ പൂജയില്‍ പങ്കെടുക്കുമെന്ന് പാര്‍ട്ടി വക്താവ് അറിയിച്ചു.

മോഡിയുടെ ദീര്‍ഘായുസ്സിനായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഭോപ്പാലിലെ ഗുഹാക്ഷേത്രത്തില്‍ ഇന്ന് മൃത്യുഞ്ജയ മന്ത്രജപം നടത്തി. ഡല്‍ഹിയിലെ ക്ഷേത്രങ്ങളിലും പൂജകള്‍ നടക്കുമെന്നാണ് പാര്‍ട്ടി അറിയിച്ചിട്ടുള്ളത്. വാരാണസിയിലെ കാല്‍ ഭൈരവ ക്ഷേത്രത്തില്‍ മോഡിയ്ക്കായി പ്രത്യേക പൂജയും ആരതിയും ഉണ്ടാവുമെന്നാണ് വിവരം.

ബുധനാഴ്ചയാണ് പഞ്ചാബിലെ പരിപാടിയില്‍ പങ്കെടുക്കുന്നതിനായെത്തിയ മോഡി പതിനഞ്ച് മിനിറ്റോളം വാഹനവ്യൂഹവുമായി റോഡില്‍ കുടുങ്ങിയത്.കര്‍ഷകര്‍ റോഡ് ഉപരോധിച്ചതുമൂലം ഫിറോസ്പൂരിലെ പരിപാടിയില്‍ പങ്കെടുക്കാതെ മോഡി മടങ്ങി.

പ്രധാനമന്ത്രിയ്ക്ക് വേണ്ടിയൊരുക്കിയ സുരക്ഷാക്രമീകരണങ്ങളില്‍ വന്‍ വീഴ്ചയുണ്ടായതോടെ പഞ്ചാബില്‍ നിന്ന് ആഭ്യന്തരമന്ത്രാലയം വിശദമായ റിപ്പോര്‍ട്ട് തേടിയിരുന്നു. ഇത് കൂടാതെ സംഭവത്തില്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ് അടക്കമുള്ളവര്‍ ആശങ്കയും പ്രകടിപ്പിച്ചു. സംഭവം കരുതിക്കൂട്ടി ചെയ്തതാണെന്നാണ് ബിജെപിയുടെ ആരോപണം.ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനമാണ് പഞ്ചാബ്.

Exit mobile version