“ചില ആളുകള്‍ക്ക് പശുവിനെപ്പറ്റി പറയുന്നത് വലിയ കുറ്റമാണ്, ഞങ്ങള്‍ക്ക് അമ്മയാണ് പശു” : പ്രധാനമന്ത്രി

വാരാണസി : പശു മാതാവും പവിത്രമായ മൃഗവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.ചില ആളുകള്‍ പശുവിനെപ്പറ്റി പറയുന്നത് എന്തോ വലിയ കുറ്റമായാണ് കണക്കാക്കുന്നതെന്നും ഇത്തരക്കാര്‍ പശു കോടിക്കണക്കിന് മനുഷ്യരുടെ വരുമാനമാര്‍ഗ്ഗമാണെന്നത് ആലോചിക്കുന്നില്ലെന്നും മോഡി പറഞ്ഞു.

വാരാണസി മണ്ഡസത്തില്‍ 870 കോടിയോളം ചിലവ് വരുന്ന പദ്ധതികളുടെ തറക്കല്ലിടീല്‍ ചടങ്ങില്‍ സംസാരിക്കവേയായിരുന്നു മോഡിയുടെ പരാമര്‍ശം.”രാജ്യത്തെ ക്ഷീരോത്പാദന മേഖലയെ വികസിപ്പിക്കുകയെന്നത് സര്‍ക്കാരിന്റെ പ്രധാന കര്‍മ പരിപാടികളില്‍ ഒന്നാണ്. കഴിഞ്ഞ ആറ്, ഏഴ് വര്‍ഷത്തെ കാലയളവില്‍ രാജ്യത്ത് ക്ഷീരോത്പാദന മേഖലയില്‍ 45 ശതമാനത്തോളം വളര്‍ച്ച നേടാനായിട്ടുണ്ട്. പശുക്കളെയും എരുമകളെയും കളിയാക്കുന്നവര്‍ രാജ്യത്തെ എട്ട് കോടിയോളം വരുന്ന ആളുകളുടെ ഉപജീവനമാര്‍ഗമാണിതെന്ന് മറക്കരുത്‌”

“രാജ്യത്തെ പത്ത് കോടിയോളം വരുന്ന ചെറുകിട കര്‍ഷകര്‍ക്ക് മൃഗസംരക്ഷണത്തിലൂടെ നേട്ടം കൈവരിക്കാന്‍ കഴിയും. ഇന്ത്യയിലെ ക്ഷീരോത്പന്നങ്ങള്‍ക്ക് വിദേശ രാജ്യങ്ങളില്‍ പോലും വലിയ വിപണിയുണ്ട്.ചില ആളുകള്‍ക്ക് പശു, ചാണകം എന്നൊക്കെ കേള്‍ക്കുന്നത് വലിയ കുറ്റമാണ്. ഞങ്ങള്‍ക്ക് ഇതിലൊന്നിലും യാതൊരു കുറവോ കുറ്റമോ തോന്നുന്നില്ല എന്ന് തന്നെയല്ല പവിത്രമായ കാര്യങ്ങളാണ് ഞങ്ങള്‍ക്കിവയൊക്കെ.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാരാണസിയില്‍ 22 പുതിയ വികസന പദ്ധതികളുടെ ശിലാസ്ഥാപനമാണ് ഇന്ന് മോഡി നിര്‍വഹിച്ചത്. ചടങ്ങില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവര്‍ പങ്കെടുത്തിരുന്നു.

Exit mobile version