രാത്രിയില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു; ഉറങ്ങിക്കിടന്ന ഗൃഹനാഥന്‍ വെന്തുമരിച്ചു, നാലുപേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. ഉറങ്ങിക്കിടന്ന വീട്ടിലെ ഗൃഹനാഥന്‍ തീപൊള്ളലേറ്റുമരിച്ചു. ന്യൂഡല്‍ഹിയിലെ ഗുരുഗ്രാം സെക്ടര്‍ 44ലെ കന്‍ഹായി ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന അപകടം നടന്നത്. 70 ശതമാനത്തിലേറെ പൊള്ളലേറ്റ ഗൃഹനാഥന്‍ സുരേഷ് സാഹുവാണ് (60) സംഭവസ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞത്.

സുരേഷിന്റെ ഭാര്യ റീന (50), മക്കളായ മനോജ് (25), സരോജ് (18), അനുജ് (14) എന്നിവര്‍ തീപ്പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് ലഭിക്കുന്ന വിവരം. രാത്രി വീട്ടിനുള്ളില്‍ ഇവരുടെ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ചാര്‍ജ് ചെയ്യാന്‍ വച്ച ശേഷം കുടുംബാംഗങ്ങള്‍ അഞ്ച് പേരും ഒരേ മുറിയില്‍ കിടന്ന് ഉറങ്ങുകയായിരുന്നു.

‘ഹലോ സൗമ്യ, വിഷമിക്കേണ്ട, പെട്ടെന്ന് തന്നെ സുഖം പ്രാപിക്കും; നിന്നെ നേരില്‍ വന്നു കാണാനായില്ല’: ചികിത്സയില്‍ കഴിയുന്ന ആരാധികയെ വിളിച്ച് ആശ്വസിപ്പിച്ച് രജനികാന്ത്

ചാര്‍ജിംഗിനിടെ അമിതമായി ചൂടായ സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയില്‍ കുടുംബാംഗങ്ങള്‍ ഉപയോഗിച്ചിരുന്ന കമ്പിളി പുതപ്പിലേക്ക് തീ പടരുകയും വീട് മുഴുവന്‍ തീ ആളിപ്പടരുകയുമായിരുന്നു. ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും കനത്ത പുക രക്ഷാപ്രവര്‍ത്തനത്തിന് വിലങ്ങുതടിയായി.

കുടുംബം കിടന്നുറങ്ങിയിരുന്ന മുറിക്ക് പുറത്തായിരുന്നു സ്‌കൂട്ടര്‍ വച്ചിരുന്നതെന്നും മുറിക്കുള്ളില്‍ നിന്നുമായിരുന്നു ചാര്‍ജ് ചെയ്തിരുന്നതെന്നം സംഭവം അന്വേഷിക്കുന്ന ഗുരുഗ്രാം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കുല്‍ദീപ് ദാഹിയ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണ്.

ഏകദേശം ഒരു മണിക്കൂര്‍ പരിശ്രമിച്ച ശേഷമാണ് തീ അണയ്ക്കാന്‍ സാധിച്ചത്. ഗുരുഗ്രാമില്‍ തന്നെയുള്ള ഒരു പെട്രോള്‍ പമ്പില്‍ ചായക്കട നടത്തുകയായിരുന്നു മരണമടഞ്ഞ സുരേഷ് സാഹു. മക്കളായ മനോജും സരോജും അതേ ചായക്കടയില്‍ ജോലി ചെയ്യുകയായിരുന്നു. അനുജ് വിദ്യാര്‍ത്ഥിയാണ്.

Exit mobile version