നരേന്ദ്ര മോഡിക്ക് ഭൂട്ടാന്റെ പരമോന്നത സിവിലിയന്‍ ബഹുമതി

ന്യൂഡല്‍ഹി : ഭൂട്ടാന്റെ പരമോന്നത സിവിലിയന്‍ പുരസ്‌കാരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അര്‍ഹനായി. ഓര്‍ഡര്‍ ഓഫ് ദി ഡ്രക് ഗ്യാല്‍കോ പുരസ്‌കാരമാണ് മോഡിക്ക് ലഭിക്കുക. കോവിഡ് കാലത്ത് രാജ്യത്തിന് നല്‍കിയ സഹകരണത്തിന് നന്ദി അറിയിച്ചാണ് ബഹുമതി.

ഭൂട്ടാന്റെ 114ാമത് ദേശീയ ദിനമായിരുന്ന വെള്ളിയാഴ്ച രാജാവ് ജിഗ്മെ ഖേസര്‍ ആണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. സഹകരണത്തിന് ഭൂട്ടാന്‍ പ്രധാനമന്ത്രി ഡോ.ലോട്ടേ ഷേറിങ് മോഡിക്ക് നന്ദി അറിയിച്ചു. ഭൂട്ടാന്റെ ബഹുമതിക്ക് തന്നെ തിരഞ്ഞെടുത്തതില്‍ ഭൂട്ടാന്‍ രാജാവിന് നന്ദി അറിയിച്ച മോഡി ഇന്ത്യയുടെ ഉറ്റ സുഹൃദ് രാഷ്ടമാണ് ഭൂട്ടാനെന്നും ആ ബന്ധം ശക്തമായി തന്നെ തുടരുമെന്നും ട്വിറ്ററില്‍ കുറിച്ചു.

2019ല്‍ റഷ്യയുടെയും യുഎഇയുടെയും പരമോന്നത സിവിലിയന്‍ ബഹുമതിക്ക് മോഡി അര്‍ഹനായിരുന്നു. ആ വര്‍ഷം തന്നെ മാല്‍ഡീവ്‌സ് വിദേശത്തെ വിശിഷ്ട വ്യക്തിത്വങ്ങള്‍ക്ക് നല്‍കുന്ന പരമോന്നതി ബഹുമതി നല്‍കി മോഡിയെ ആദരിച്ചു. സുസ്ത്യര്‍ഹമായ സേവനത്തിന് യുഎസ് സായുധസേന നല്‍കുന്ന ലീജിയന്‍ ഓഫ് മെറിറ്റ് ബൈ യുഎസ് അവാര്‍ഡും മോഡിയെ തേടിയെത്തിയിട്ടുണ്ട്.

Exit mobile version