ദത്തുനല്‍കിയ കുട്ടിയെ തിരികെ വേണമെന്ന് അമ്മ; പെറ്റമ്മയെയും വളര്‍ത്തമ്മയെയും വേണമെന്ന് നിറകണ്ണുകളോടെ കോടതി മുറിയില്‍ 10വയസുകാരി, ഒടുവില്‍

ചെന്നൈ: ഒമ്പത് വര്‍ഷം മുന്‍പ് ദത്തുനല്‍കിയ കുട്ടിയെ തിരികെ വേണമെന്ന അമ്മയുടെ ആവശ്യം നിരാകരിച്ച് മദ്രാസ് ഹൈക്കോടതി. സേലം സ്വദേശി ശരണ്യയാണ് ഭര്‍ത്താവിന്റെ സഹോദരിയ്ക്ക് ദത്തുനല്‍കിയ പെണ്‍കുട്ടിയെ തിരികെ വേണമെന്നാവശ്യപ്പെട്ടത്. ആവശ്യം തള്ളിയ കോടതി ആഴ്ചയിലൊരിക്കല്‍ കുട്ടിയെ കാണാന്‍ ശരണ്യയ്ക്ക് അനുമതി നല്‍കി.

അതേസമയം, വളര്‍ത്തമ്മയും പെറ്റമ്മയും തനിക്ക് വേണമെന്ന് കുട്ടി നിറകണ്ണുകളോടെ കോടതിയില്‍ പറഞ്ഞു. തുടര്‍ന്ന് വളര്‍ത്തമ്മയ്‌ക്കൊപ്പം കുട്ടിയെ വിടാന്‍ ജസ്റ്റിസ് പി.എന്‍. പ്രകാശ്, ജസ്റ്റിസ് ആര്‍.എന്‍. മഞ്ജുള എന്നിവരിടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ശരണ്യയ്ക്ക് ആഴ്ചയിലൊരിക്കല്‍ കാണാനും അനുമതി നല്‍കുകയായിരുന്നു.

സേലം അമ്മപേട്ടയിലെ ശിവകുമാര്‍ ഭാര്യ ശരണ്യയുടെ സമ്മതത്തോടെയാണ് 2012-ലാണ് മൂന്നര മാസം പ്രായമുള്ള കുട്ടിയെ സഹോദരി സത്യയ്ക്ക് ദത്തുനല്‍കിയത്. വിവാഹം കഴിഞ്ഞ് ഏറെ നാളായിട്ടും സത്യയ്ക്ക് കുട്ടികളില്ലാത്തതിനെ തുടര്‍ന്നാണ് മൂന്നാമത്തെ കുട്ടിയെ ദത്തുനല്‍കാന്‍ ശിവകുമാറും ശരണ്യയും തയ്യാറായത്. 2019-ല്‍ സത്യയുടെ ഭര്‍ത്താവ് രമേഷ് അര്‍ബുദം ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് മകളെ തിരികെ വേണമെന്ന് ശരണ്യ ആവശ്യപ്പെടുകയായിരുന്നു.

മകളെ നല്‍കാന്‍ സത്യ തയ്യാറാകാതെ വന്നതോടെ തര്‍ക്കമാകുകയും കുട്ടിയെ അധികൃതര്‍ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റുകയും ചെയ്തു. ഇതോടെ ശരണ്യ മദ്രാസ് ഹൈക്കോടതിയിയെ സമീപിക്കുകയായിരുന്നു. സത്യയും കോടതിയില്‍ ഹര്‍ജി നല്‍കി. ഇരുഭാഗത്തെയും വാദം കേട്ട കോടതി ഇത്രയും നാള്‍ വളര്‍ത്തിയ പോറ്റമ്മയ്‌ക്കൊപ്പം കുട്ടി കഴിയട്ടേയെന്ന് ഉത്തരവിടുകയായിരുന്നു.

Exit mobile version