ക്ഷേത്രത്തില്‍ കയറാന്‍ ആദ്യം അനുമതി നല്‍കിയില്ല, പിന്നീട് പ്രവേശിപ്പിച്ചു; ഭിക്ഷയെടുത്ത് കിട്ടിയ പതിനായിരം രൂപ സംഭാവന ചെയ്തു, ജീവനക്കാരെ ഞെട്ടിച്ച് കെമ്പാമ്മ

ചിക്കമംഗളൂരു: കര്‍ണാടകയിലെ ക്ഷേത്രത്തിന് പതിനായിരം രൂപ സംഭാവന ചെയ്ത് ഭിക്ഷാടക. കഡൂര്‍ ടൗണില്‍ നിര്‍മാണത്തിലിരിക്കുന്ന ആഞ്ജനേയ ക്ഷേത്രത്തിനാണ് കെമ്പാമ്മ സ്വരുക്കൂട്ടിയ തുക സംഭാവനയായി നല്‍കിയത്. വെള്ളിയാഴ്ച രാവിലെ കെമ്പാമ്മ ക്ഷേത്രത്തിലെത്തി ക്ഷേത്രം അധികാരികളെ കാണണമെന്ന് ആവശ്യപ്പെട്ടു.

എന്നാല്‍ ക്ഷേത്ര ജീവനക്കാര്‍ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കിയില്ല. കാണണമെന്ന് കെമ്പാമ്മ വീണ്ടും ആവര്‍ത്തിച്ചതോടെയാണ് പ്രവശനാനുമതി നല്‍കിയത്. തുടര്‍ന്നാണ് കെമ്പാമ്മ ക്ഷേത്രം നിര്‍മാണ ഫണ്ടിലേക്ക് പതിനായിരം രൂപ സംഭാവന നല്‍കുമെന്ന് ജീവനക്കാരെ അറിയിച്ചത്. അഞ്ഞൂറിന്റെ ഇരുപത് നോട്ടുകള്‍ ക്ഷേത്രം പൂജാരി ദത്തു വാസുദേവിന് കൈമാറി.

ക്ഷേത്രത്തിന്റെ ഗോപുര നിര്‍മാണത്തിനായി തുക ചെലവഴിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. നേരത്തേയും ഇവര്‍ ക്ഷേത്രത്തിലേക്ക് പണം സംഭാവന ചെയ്തിരുന്നു. കെമ്പാമ്മയുടെ സംഭാവന വിലമതിക്കാനാവാത്തതാണെന്ന് ക്ഷേത്രം ജീവനക്കാര്‍ പറഞ്ഞു. കഡൂര്‍ സായ്ബാബ ക്ഷേത്രത്തിന് സമീപം ഭിക്ഷാടനം നടത്തിയാണ് കെമ്പാമ്മ കഴിയുന്നത്. വര്‍ഷങ്ങളായി താമസിക്കുന്ന കെമ്പാമ്മയ്ക്ക് സമീപത്തെ ഹോട്ടലില്‍ നിന്ന് സൗജന്യമായാണ് ഭക്ഷണം നല്‍കുന്നത്.

Exit mobile version