അവിവാഹിതരായ യുവാക്കളുടെ എണ്ണം കൂടുന്നു : ഉത്തരേന്ത്യയില്‍ നിന്ന്‌ ബന്ധം തേടാന്‍ തമിഴ്‌നാട് ബ്രാഹ്‌മണ സമൂഹം

ചെന്നൈ : അവിവാഹിതരായ ബ്രാഹ്‌മണ യുവാക്കളുടെ എണ്ണം വര്‍ധിച്ചതോടെ ഉത്തരേന്ത്യയില്‍ നിന്ന് പെണ്‍കുട്ടികളെ തേടാന്‍ തമിഴ്‌നാട് ബ്രാഹ്‌മണ അസോസിയേഷന്‍.ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്ന്‌ ബന്ധം തേടാനാണ്‌ തീരുമാനം.

30നും 40നുമിടയില്‍ പ്രായമുള്ള അവിവാഹിതരായ യുവാക്കളുടെ എണ്ണം വര്‍ധിക്കുന്നതായാണ് സംഘടനയുടെ കണ്ടെത്തല്‍. വിവാഹപ്രായമായിട്ടും അനുയോജ്യരായ ജീവിതപങ്കാളികളെ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന 40,000ത്തോളം ബ്രാഹ്‌മണ യുവാക്കളുണ്ടെന്നാണ് അസോസിയേഷന്‍ കണക്കാക്കുന്നത്. വിവാഹ പ്രായമുള്ള 10 ബ്രാഹ്‌മണ യുവാക്കളുണ്ടെങ്കില്‍ യുവതികളുടെ എണ്ണം ആറ് മാത്രമാണെന്നും ഇതാണ് പ്രതിസന്ധിക്ക് കാരണമെന്നുമാണ് സംഘടനാ നേതാക്കളുടെ വിലയിരുത്തല്‍. ഇതിനുള്ള പരിഹാരമെന്ന നിലയ്ക്കാണ് ഉത്തരേന്ത്യയിലേക്ക് ബന്ധം തേടിപ്പോകുന്നത്.

ഇതിനായി ഡല്‍ഹി, പട്‌ന, ലഖ്‌നൗ എന്നിവിടങ്ങളില്‍ കോ-ഓര്‍ഡിനേറ്റര്‍മാരെ നിയോഗിക്കുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് എന്‍.നാരായണന്‍ അറിയിച്ചു.അസോസിയേഷന്റെ മാസികയില്‍ പ്രസിദ്ധീകരിച്ച തുറന്ന കത്തിലാണ് നാരായണന്‍ പുതിയ ശ്രമത്തെക്കുറിച്ച് വിശദീകരിക്കുന്നത്. ലഖ്‌നൗ, പട്‌ന എന്നിവിടങ്ങളിലുള്ള ആളുകളുമായി ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും ഈ സ്ഥലങ്ങളിലെ കോ-ഓര്‍ഡിനേറ്റര്‍മാരെ കൂടാതെ ഹിന്ദി വായിക്കാനും എഴുതാനും സംസാരിക്കാനും അറിയാവുന്നവരെ അസോസിയേഷന്റെ ചെന്നൈയിലെ ആസ്ഥാനത്തും നിയമിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും നാരായണന്‍ പറഞ്ഞു.

ബ്രാഹ്‌മണര്‍ മറ്റ് സമുദായത്തില്‍നിന്നുള്ളവരെ വിവാഹം ചെയ്യുന്നതും, കുടുംബാസൂത്രണവുമെല്ലാം പ്രതിസന്ധിക്ക് കാരണമായിട്ടുണ്ടെന്നാണ് സമുദായാംഗങ്ങളുടെ വിലയിരുത്തല്‍. എന്നാല്‍ ബ്രാഹ്‌മണര്‍ സ്വന്തം സമുദായത്തില്‍ നിന്ന് തന്നെ വിവാഹം കഴിക്കണമെന്ന് വാശി പിടിക്കുന്നതെന്തിനാണെന്ന ആശങ്ക പങ്ക് വയ്ക്കുന്നവരാണ് സമുദായത്തിലെ യുവതീയുവാക്കളില്‍ മിക്കവരും.

കല്യാണത്തോടെ പെണ്‍കുട്ടി ജോലി വേണ്ടെന്ന് വയ്ക്കണമെന്നതും യാതൊരു തരത്തിലുള്ള മാറ്റത്തിനും തയ്യാറാവാതെ പുരുഷാധിപത്യത്തിലൂന്നിയതും പരമ്പരാഗ ജീവിത രീതി പിന്തുടരുന്നതുമായ യുവാക്കളുമെല്ലാം സമുദായത്തിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചകളാണെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. ഇതുകൂടാതെ വിവാഹം ആര്‍ഭാടമാക്കണമെന്ന് വരന്റെ കൂട്ടര്‍ വാശി പിടിക്കുന്നത് വധുവിന്റെ വീട്ടുകാരെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നുവെന്നും പലരും ചൂണ്ടിക്കാട്ടി.

Exit mobile version