യമുനാനദിയില്‍ നുരഞ്ഞ് പൊന്തി വിഷപ്പത : വകവയ്ക്കാതെ മുങ്ങിക്കുളിച്ച് ഭക്തര്‍

ന്യൂഡല്‍ഹി : നുരഞ്ഞുപൊന്തുന്ന വിഷപ്പത ഗൗനിക്കാതെ യമുനാനദിയില്‍ മുങ്ങിക്കുളിച്ച് ഭക്തര്‍. ഛാത്ത് പൂജയുടെ ഭാഗമായാണ് വിഷമയമായ നദിയിലും ആളുകള്‍ കുളിക്കാനിറങ്ങിയത്.

കാളിന്ദി കുഞ്ച് ഭാഗത്തൂടെ ഒഴുകുന്ന യമുനയിലാണ് വിഷപ്പത പൊന്തിയിരിക്കുന്നത്‌. വെളുത്ത നിറത്തില്‍ ഭയാനകമായ രീതിയില്‍ അടിയുന്ന പതയിലൂടെ നദിയിലെ വെള്ളം പോലും ശരിക്ക് കാണാനാവാത്ത അവസ്ഥയാണ്. എന്നാല്‍ ഛാത്ത് പൂജയില്‍ യമുനയില്‍ മുങ്ങിനിവരുക എന്നത് പ്രധാനമാണെന്നും അതിനാല്‍ ഇതുമൂലം രോഗങ്ങള്‍ ഉണ്ടായാല്‍ പോലും ചടങ്ങ് ഒഴിവാക്കാനാവില്ലെന്നുമാണ് ഭക്തരുടെ വാദം.

തിങ്കളാഴ്ച മുതലാണ് യമുനയില്‍ വിഷപ്പത പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. വെള്ള നിറത്തില്‍ വലിയ പാളികളായി വിഷപ്പത പതഞ്ഞുപൊങ്ങുകയാണ്. ഡിറ്റര്‍ജന്റുകള്‍ ഉള്‍പ്പടെയുള്ള വ്യാവസായിക മാലിന്യങ്ങള്‍ നദിയിലേക്ക് പുറന്തള്ളുന്നതിനെത്തുടര്‍ന്നുള്ള ഉയര്‍ന്ന ഫോസ്‌ഫേറ്റിന്റെ അംശമാണ് വിഷലിപ്തമായ നുരയ്ക്ക് കാരണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. നദിയിലെ അമോണിയയുടെ അളവും ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്.

ഉത്തരേന്ത്യയിലെ വലിയ ആഘോഷങ്ങളില്‍ ഒന്നാണ് ഛാത്ത് പൂജ. സൂര്യന് വേണ്ടി സമര്‍പ്പിച്ചിരിക്കുന്ന ഈ പൂജ ബീഹാര്‍, ജാര്‍ഖണ്ഡ്, യുപി എന്നിവിടങ്ങളിലുള്ളവരാണ് പ്രധാനമായും ആഘോഷിക്കുന്നത്. നാല് ദിവസമായാണ് ഛാത്ത് പൂജ നടക്കുക.

Exit mobile version